നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായിരുന്നു മാമാങ്കം. കോഴിക്കോട് സാമൂതിരി രക്ഷാപുരുഷനായി പന്ത്രണ്ട് വർഷങ്ങൾക്ക് ഒരിക്കൽ മാത്രം നടത്തിവരാറുണ്ടായിരുന്ന ഈ മഹാമഹം ഒട്ടനേകം പേരുടെ രക്തം ചിന്തിയ വേദി കൂടെയായിരുന്നു. കുടിപ്പകയുടെയും പാരമ്പര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ചുരിക ചൂരിന്റെയും കഥകൾ പാട്ടുകളിലൂടെയുടെയും കഥകളിലൂടെയും പിൻതലമുറയിലേക്ക് പകർന്ന് നൽകപ്പെട്ടു. കേരള ചരിത്രത്തിന്റെ ഈ ഒരേടാണ് എം. പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, മാസ്റ്റർ അച്ചുതൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
മാമാങ്കത്തിൽ സാമൂതിരിയെ കൊല്ലാൻ ചാവേറുകൾ വരാനിടയായ കഥയുടെ വോയിസ് ഓവറിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വള്ളുവനാട്ടിലെ വെള്ളാട്ടിരിയിൽ നിന്നും മാമാങ്കം കൈക്കലാക്കിയ കോഴിക്കോട്ട് സാമൂതിരിയെ കൊല്ലാൻ ഓരോ മാമാങ്കത്തിനും വള്ളുവനാട്ടിൽ നിന്ന് ചാവേറുകൾ വരുമായിരുന്നു. നാടിന്റെയും ആത്മാഭിമാനത്തിനും വേണ്ടി ഒരു ആചാരമെന്നോണമാണ് യോദ്ധാക്കൾ ചാവേറുകളായി കൊണ്ടിരുന്നത്. സാമൂതിരിയുടെ സൈന്യത്തിനു വെട്ടിമാറ്റി സാമൂതിരിയെ തൊടാൻ പോലും ആർക്കുമായില്ല എന്നത് ചരിത്രം. കാവലാളുകളെ വെട്ടി നിരത്തി മണിത്തറയിൽ ചവിട്ടി കയറാൻ കഴിഞ്ഞത് വലിയ അഭ്യാസിയായ ചന്ദ്രോത്തെ വലിയ പണിക്കർക്ക് മാത്രം. സാമൂതിരിയെ കൊല്ലാനാകും മുൻപ് അവിടെ നിന്ന് മാറ്റിയതിനാൽ വലിയ പണിക്കർക്ക് ലക്ഷ്യം പൂർത്തിയാക്കാനായില്ല. ചാവേറായ ചാവുന്നത് അഭിമാനമായ കണ്ട വള്ളുവനാട്ടുകാർക്ക് അയാൾ മാമാങ്കത്തിൽ നിന്ന് ഓടി പോയ ഭീരുവായിരുന്നു.
ആ പോരിന് ശേഷം 24 വർഷം കഴിഞ്ഞാണ് പിന്നീട് കഥ നടക്കുന്നത്. ചന്ദ്രോത്ത് പണിക്കർ മാമാങ്കത്തിന് പോകാൻ ഉൾവിളിയുണ്ടാകുന്നു. കുടിപ്പകയുടെ കണക്ക് തീർക്കാൻ മക്കൾ വെട്ടി ചാകുന്നത് അമ്മമാർക്ക് സഹിക്കാനാകുന്നതല്ലായിരുന്നു. മനസ്സിൽ ഈ പകയുടെ തീ സൂക്ഷിക്കുന്ന മുത്തശ്ശിമാർ മക്കളെ മാമാങ്കത്തിനയക്കണമെന്നും ഇത് നാടിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമാണെന്നും പറയുന്നു. യാത്ര പുറപ്പെടും മുൻപ് ഇളമുറക്കാരനായ ചന്ദ്രോത്ത് ചന്തുണ്ണിയും മാമാങ്കത്തിന് പോകാൻ വെളിപാടുണ്ടായി എന്ന് പറയുകയും ഏറെ ദുഃഖത്തോടെ ആ പന്ത്രണ്ട് വയസുകാരനെ ചാവേറായി പറഞ്ഞു വിടുന്നു. ഇവരുടെ ലക്ഷ്യം തുടക്കത്തിൽ തന്നെ നശിപ്പിക്കാൻ സാമൂതിരി ചിലരെ നിയോഗിച്ചിരുന്നു. എന്നാൽ 24 വർഷം മുൻപ് മാമാങ്കത്തിന് പോയിട്ട് തിരികെ ചെന്നിട്ടില്ലാത്ത ചന്ദ്രോത്ത് വലിയ പണിക്കർ അവർക്ക് തുണയുണ്ടായിരുന്നു. ഇതിനാൽ തന്നെ ലക്ഷ്യബോധമില്ലാതെ പോയി മരണം വരിച്ചിരുന്ന ചാവേറുകൾക്ക് വീപരീതമായി ഇത്തവണ നല്ലയൊരു പദ്ധതിയോടെ തന്നെ സാമൂതിരിയെ നേരിടാൻ ചന്ദ്രോത്തെ പുതുതലമുറയ്ക്ക് കഴിയുന്നു. ചരിത്രം തിരുത്തി കുറിച്ചേക്കാവുന്ന മാമാങ്കത്തിലേക്കുള്ള പ്രയാണമാണ് പിന്നങ്ങോട്ട്.
ചന്തുവായും പഴശ്ശിരാജാവായും ചരിത്രപുരുഷ വേഷങ്ങൾ നിറഞ്ഞാടിയ മമ്മൂട്ടിയിൽ ചന്ദ്രോത്തെ വലിയ പണിക്കർ എന്ന കഥാപാത്രം സുരക്ഷിതമായിരുന്നു. ചിത്രത്തിലെ സ്ത്രൈണഭാവത്തിലേക്കുള്ള മാറ്റവും അദ്ദേഹം നന്നാക്കി.. ചന്ദ്രോത്തെ ചന്തുണ്ണിയായ വേഷമിട്ട അച്ചുതൻ തന്നെയാണ് സിനിമയുടെ താരം. തന്റെ ആദ്യ സിനിമ ഇത്തരമൊരു ബ്രഹ്മാണ്ഡ ചിത്രമായിട്ട് കൂടി ഒരു പതർച്ചയും ആ കുട്ടിയ്ക്കുണ്ടായില്ല. അത്രക്കും തന്മയത്വത്തോടെയും മെയ്ഡവഴക്കത്തോടെയും അച്ചുതൻ തന്റെ ആദ്യ സിനിമ അവിസ്മരണിയമാക്കി. മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്ത ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ളാൻ, ഇനിയ, സിദ്ദിഖ്, മണിക്കുട്ടൻ, തരുൺ അറോറ തുടങ്ങിയവർ നല്ല പ്രകടനം നടത്തി.
എന്നിരുന്നാലും സിനിമയിലെ പല നടീനടന്മാരുടെയും കാസ്റ്റിംഗ് കഥാപാത്രങ്ങൾക്ക് യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ അമിതമായ റോപ്പ് ഉപയോഗവും മുഴച്ചു നിന്നു.
എം. ജയച്ചന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ ഇമ്പമുള്ളവയാണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നു. മനോജ് പിള്ളയുടെ ഛായാഗ്രാഹണം മനോഹരമായിരുന്നു. സാങ്കേതിക വശങ്ങളിലൊക്കെ ചിത്രം ഉജ്ജ്വല നിലവാരം പുലർത്തി.
നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള എം. പത്മകുമാർ ആദ്യമായാണ് ഒരു വലിയ കാൻവാസ് ചിത്രം ചെയ്യുന്നത്. ചിത്രത്തിന്റെ ഫ്രെയിമും കഥാപാത്രങ്ങളും സെറ്റുമൊക്ക ബ്രഹ്മാണ്ഡമായ അനുഭവം നൽകുമ്പോഴും കഥ പറച്ചിലിൽ പാളിച്ചകളുണ്ട്. ചരിത്ര സിനിമകൾ പൊതുവേ ക്ളാസ് സിനിമകളായ കണക്കാക്കപ്പെടുമെങ്കിലും മാമാങ്കത്തിന്റെ മേക്കിംഗ് ഒരു വാണിജ്യ സിനിമയുടെതാണ്. ചിലയിടത്ത് ശരാശരിയിലൊതുങ്ങി ചിത്രം എന്നാൽ ചരിത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി എന്ന് അവകാശപ്പെടാം. ചിത്രത്തിന്റെ അവസാനത്തോടെത്തുമ്പോഴും സിനിമാ മാർക്കറ്റിന് വേണ്ടി ഹീറോയിസം കുത്തിക്കയറ്റിയിട്ടില്ല. മാമാങ്കത്തിന്റെ ചരിത്രം അറിയാൻ 'മാമാങ്കം' ഒരു തവണ കണ്ടു നോക്കാവുന്നതാണ്. മരിക്കുമെന്നുറപ്പായിട്ടും പോരാടാൻ ഇറങ്ങിയ ഒരു കാലത്തെ ജനതയെ കണ്ടറിയാം.
വാൽക്കഷണം: കേരളത്തിന്റെ ചരിത്രം
റേറ്റിംഗ്: 3/5