shane-mohanlal

കൊച്ചി: യുവ നടൻ ഷെയ്ന്‍ നിഗം വിഷയത്തിൽ ചര്‍ച്ചയാകാമെന്ന് ഫെഫ്ക പ്രതികരിച്ചു. വിദേശത്തു പോയ നടൻ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും സിനിമകള്‍ മുടങ്ങിപ്പോകരുതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയൊണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെഫ്കയും 'അമ്മ'യുമാണ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പു കൊടുക്കേണ്ടത്. ഷെയ്‌നിന്റെ സംസാരരീതിയിലെ അതൃപ്തി മൂലം ഉടനെ ചര്‍ച്ചയ്ക്കില്ലെന്ന് അവര്‍ ഒരു തീരുമാനമെടുത്തിരിക്കയാണ്. അവരുടെ വികാരത്തെ ബഹുമാനിച്ച് തത്കാലം നമ്മളും ചര്‍ച്ച നിറുത്തിവച്ചിരിക്കയാണ്. അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്‌നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും സിനിമകള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

അതേസമയം,​ നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. 22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും പറഞ്ഞു.