കൊച്ചി: ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും അവയവദാന ബോധവത്കരണങ്ങളിലൂടെയും ശ്രദ്ധേയനായ ഫാ.ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിലുള്ള ചിറമേൽ ഫുഡ് പ്രോഡക്‌ട്‌സിന്റെ ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലേക്ക്. 'കാരുണ്യ" ബ്രാൻഡിലാണ് ഉത്‌പന്നങ്ങൾ അവതരിപ്പിക്കുന്നത്.
മനുഷ്യാരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ ഒന്നും കാരുണ്യ ഉത്‌പന്നങ്ങളിൽ ഇല്ലെന്ന് ഉറപ്പു നൽകുന്നതായി ഫാ.ഡേവിസ് ചിറമേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉപഭോക്താവിനോടും വിപണിയോടുമുള്ള ധാർമ്മിക ബോധത്തോടെയാണ് ഇവ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയും മികച്ച നിലവാരവും ഉറപ്പു നൽകുന്നു. കാൻസർ, കിഡ്‌നി രോഗങ്ങൾ, ഹൃദ്രോഗികൾ, ഭിന്നശേഷിക്കാർ, അന്ധർ എന്നിങ്ങനെ കഷ്‌ടപ്പെടുന്നവർക്ക് സാന്ത്വനമേകാനായിരിക്കും ലാഭത്തിന്റെ മുഖ്യപങ്കും ഉപയോഗിക്കുക.
ധാന്യപ്പൊടികൾ, പായസം മിക്‌സ്, അച്ചാറുകൾ, വെളിച്ചെണ്ണ, ഗോതമ്പ് ഉത്പന്നങ്ങൾ, നാളികേര ഉത്‌പന്നങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, മസാലപ്പൊടികൾ, അരി, ജാം, സ്ക്വാഷ് തുടങ്ങി 134 ഉത്‌പന്നങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. തൃശൂർ പന്നിത്തടത്താണ് ഫാക്‌ടറി. ഇവിടെ 50ഓളം പേർ ജോലി ചെയ്യുന്നു. ഒരു കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. വടക്കൻ കേരളത്തിൽ ഈമാസവും തെക്കൻ കേരളം, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കുവൈറ്റ് എന്നിവിടങ്ങളിൽ ജനുവരിയോടെയും ഉത്‌പന്നങ്ങൾ വിപണിയിലെത്തും.
ബ്രാൻഡ‌് പ്രമോട്ടർ ജോർജ് ആന്റണി ജീമംഗലം, കേരള ഡിസ്‌ട്രിബ്യൂട്ടർ ജെയ്‌സൺ, അഡ്വ. കുഞ്ഞിപ്പാലു എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.