ആയിരങ്ങൾ തെരുവിൽ
നാലിടത്ത് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി
ബംഗ്ലാദേശ് മന്ത്രിമാർ ഇന്ത്യാസന്ദർശനം റദ്ദാക്കി
ത്രിപുരയിലും മേഘാലയയിലും പ്രക്ഷോഭം ശക്തം
ഗുവാഹത്തി: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്ന അസാമിൽ പൊലീസ് വെടിവയ്‌പിൽ മൂന്ന് പേർ മരണമടഞ്ഞു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്.
അസാമിൽ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു.ബി. ജെ. പി. എം. എൽ. എയുടെ വീടിന് തീവച്ചു.
പ്രക്ഷോഭം നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാർ പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി. ഗുവാഹത്തിയിലെ പൊലീസ് മേധാവി ദീപക് കുമാറിനെ മാറ്റി. നിരവധി ഓഫീസർമാരെ സ്ഥലം മാറ്റുകയും ചെയ്‌തു.
ഗുവാഹത്തി, ദീബ്രുഗഡ്, ജോർഹാട്ട്, തിൻസുകിയ നഗരങ്ങളിൽ ഇന്നലെ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. മൊത്തം അഞ്ച് കോളം സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമാകുന്ന ത്രിപുരയിൽ അസാം റൈഫിൾസിനെ വിന്യസിച്ചു.
അസാം ഗണപരിഷത്ത് ഇന്നലെ ഗുവാഹത്തിയിൽ കൂറ്റൻ പ്രകടനം നടത്തി. ഉൾഫ, കൃഷക് മുക്തി സംഗ്രാം സമിതി തുടങ്ങി നിരവധി സംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്.
പൗരത്വ ബില്ലിനെ വിമർശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തര മന്ത്രി അസദുസമാൻ ഖാനും ഇന്ത്യാസന്ദർശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുർബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെൻ വിമർശിച്ചിരുന്നു.
പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്ത് അസാമിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പ്രശ്‌നബാധിതമായ പത്തു ജില്ലകളിൽ രണ്ടു ദിവസത്തേക്കു കൂടി ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മേഘാലയയിലും ഇന്റർനെറ്റ് റദ്ദാക്കി. സമാധാനം തകർക്കാൻ സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. സംസ്ഥാനത്തെ സ്‌കൂളുകൾ പത്ത് ദിവസത്തേക്ക് അടച്ചു.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അസാമിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഗുവാഹത്തി വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.
സംസ്ഥാന വ്യാപകമായി പ്രക്ഷോഭകർ റോഡുകൾ ഉപരോധിച്ചതിനാൽ എവിടെയും ട്രാഫിക് കുരുക്കാണ്. നിരവധി വാഹനങ്ങൾ തകർത്തു. പൊലീസിന്റെതുൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചു.
റെയിൽവേ ത്രിപുരയിലും അസാമിലും എല്ലാ ലോക്കൽ ട്രെയിൻ സർവീസുകളും റദ്ദാക്കി.
സാന്ത്വനവുമായി മോദി
പൗരത്വ ഭേദഗതി ബിൽ നിയമമായതിൽ അസാമിലെ 'സഹോദരീ സഹോദരന്മാർ' ആശങ്കപ്പെടേണ്ടതില്ലെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു. അസാമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്‌കാരവും ആർക്കും തട്ടിയെടുക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
അസാമിലെ സംഘർഷം
മത്സരങ്ങൾ തടസപ്പെട്ടു
പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഗോഹട്ടിയിൽ ഇന്നലെ സർവീസസും അസാമും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ നാലാംദിനം തടസപ്പെട്ടു. നഗരത്തിലെ കർഫ്യൂ കാരണം ടീമുകൾക്ക് സ്റ്റേഡിയത്തിലെത്താനായില്ല.
ഐ.എസ്. എൽ. ഫുട്ബാളിൽ ഇന്നലെ ഗോഹട്ടിയിൽ നടക്കേണ്ടിയിരുന്ന നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്.സി മത്സരവും മാറ്റിവച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നു - പ്രിയങ്കഗാന്ധി
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ബി.ജെ.പി വിവേചനപരമായ പൗരത്വ ബിൽ നടപ്പാക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
‘മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ സമയത്ത്, ഭരണഘടനയുടെ ആത്മാവിനെ വേദനിപ്പിക്കുന്ന വിവേചനപരമായ ബിൽ ബി.ജെ.പി കൊണ്ടുവരുന്നു. ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ അജൻഡയെ കോൺഗ്രസ് അതിന്റെ എല്ലാ ശക്തിയോടെയും നേരിടും’– കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ട്വീറ്റ് ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിച്ചു.