രോഗം പിടിപെട്ടോ അപകടം മൂലമോ സ്ഥിരം കിടപ്പുരോഗികളായവർക്കു വേണ്ടി 'അരികെ" എന്ന പേരിൽ സാന്ത്വന ചികിത്സാനയത്തിന് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. കിടപ്പുരോഗികൾ വീട്ടുകാർക്കു മാത്രമല്ല സമൂഹത്തിന്റെയും തീരാവേദനയാണിന്ന്. ചികിത്സയും സ്നേഹപൂർവമായ പരിചരണവും മറ്റ് ആരെക്കാളും ആവശ്യമായ പാലിയേറ്റീവ് രോഗികൾക്ക് കിടന്ന കിടപ്പിലും ഗുണമേന്മയുള്ള ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞാൽ അതിൽപ്പരം പുണ്യം വേറെയില്ല. അടുത്ത കാലത്തായി സംസ്ഥാനത്ത് ഏറെ പ്രചാരം ലഭിച്ച ഒരു മെഡിക്കൽ ശാഖയായി പാലിയേറ്റീവ് പരിചരണം മാറിക്കഴിഞ്ഞു. കിടപ്പുരോഗികളുടെ ചികിത്സയും പരിചരണവും ഏറ്റെടുക്കാൻ സന്നദ്ധ സംഘടനകളുൾപ്പെടെ പലരും മുന്നോട്ടുവന്നിട്ടുണ്ട്. നിലവിലുള്ള സ്വകാര്യ - സന്നദ്ധ സംഘടനകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് സാന്ത്വന ചികിത്സാ രംഗം കൂടുതൽ വിപുലവും പ്രയോജനപ്രദവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 'അരികെ" എന്ന പദ്ധതി. ചികിത്സ കൊണ്ടു മാറാത്ത രോഗാവസ്ഥ ഏതൊരു മനുഷ്യന്റെയും ശാപമായി കരുതുന്ന സമൂഹത്തിൽ ഇത്തരക്കാരെ പരിചരിക്കാൻ സംവിധാനമുണ്ടാവുക എന്നുവന്നാൽ അങ്ങേയറ്റം ആശ്വാസകരമായ കാര്യമാണത്. കേരളത്തിലാണെങ്കിൽ കൂട്ടുകുടുംബങ്ങൾ ഇല്ലാതായതോടെ കിടപ്പുരോഗികളുടെ പരിചരണവും ചികിത്സയും വെല്ലുവിളികൾ നിറഞ്ഞതാണ്. നോക്കാൻ പറ്റിയ ആളില്ലെന്നതു തന്നെയാണു പ്രധാന പ്രശ്നം. സാമ്പത്തിക ശേഷിയുള്ളവർ വലിയ ശമ്പളം നൽകി പരിചാരകരെ ഏർപ്പെടുത്തും. അപ്പോഴും ആഗ്രഹിക്കുന്ന തരത്തിലുള്ള പരിചരണമോ സ്നേഹപൂർവമായ പെരുമാറ്റമോ ലഭിക്കണമെന്നില്ല. പരിശീലനമൊന്നും നേടാത്തവരാണ് പരിചാരകരെങ്കിൽ ദോഷം വളരെ അധികവുമായിരിക്കും. ശാരീരികമായും മാനസികമായും വൈകാരികമായും രോഗിയെ കൂടുതൽ തളർത്തുകയാവും ഫലം. മരണം ഉറപ്പായ കേസുകളാണെങ്കിലും അന്തസോടും പരമാവധി വേദനയില്ലാതെയും അന്ത്യം നേരിടാൻ ആരും ആഗ്രഹിക്കും. പാലിയേറ്റീവ് പരിചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്ന് ഇതാണ്.
ആരോഗ്യ - ചികിത്സാ മേഖലയിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന കേരളം പാലിയേറ്റീവ് രംഗത്തും ഇതര സംസ്ഥാനങ്ങൾക്കു മാതൃകയായി ഒന്നാം സ്ഥാനത്താണ് നില ഉറപ്പിച്ചിട്ടുള്ളത്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപമെടുത്തതോടെ സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പുതിയ അവബോധമുണ്ടായിട്ടുണ്ട്. രോഗീകേന്ദ്രീകൃതമായ പരിചരണ സംവിധാനം നല്ല നിലയിൽ നടപ്പാക്കാനും കഴിയുന്നു. അയൽക്കൂട്ട ശൃംഖലകളും മറ്റു സന്നദ്ധ സംഘടനകളും നല്ല തോതിൽ ഈ സംരംഭവുമായി സഹകരിക്കുന്നുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളും 350-ൽപ്പരം സർക്കാരിതര ഏജൻസികളുമാണ് സംസ്ഥാനത്ത് ഇപ്പോൾ സാന്ത്വന പരിചരണ മേഖലയിൽ വിലപ്പെട്ട സേവനങ്ങൾ നൽകിവരുന്നത്. സാർവത്രികമായ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ സാന്ത്വന പരിചരണ യൂണിറ്റുകൾക്കാവശ്യമായ സഹായം നൽകാൻ ഒപ്പം തന്നെയുണ്ട്. പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ പേർക്കും അതു ലഭ്യമാക്കുക എന്നതാണ് 'അരികെ" എന്ന നൂതന നയത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കും. സ്വകാര്യ മേഖലയുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാകും പ്രവർത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതാതിടത്തെ സാന്ത്വന പരിചരണം ആവശ്യമായ രോഗികളുടെ പട്ടിക തയ്യാറാക്കി അത് അവലംബമാക്കിയാവും പദ്ധതി നടപ്പാക്കുന്നത്. ആശുപത്രി വാസം വേണ്ടിവരുന്ന കിടപ്പുരോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതും പുതിയ നയത്തിന്റെ ഭാഗമാണ്.
പരിചരണത്തിനായി നിയോഗിക്കുന്നവരെ മികച്ച രീതിയിൽ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. എല്ലാ ജീവനക്കാർക്കും ഫീൽഡ് പ്രവർത്തകർക്കും രോഗികളുടെ വീടുകളിൽ ചെന്ന് സേവനം നൽകുന്നതിനുള്ള പരിശീലനം നൽകും. ഇതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇത്തരം രോഗികൾക്കാവശ്യമായ മരുന്നുകൾ കൃത്യമായി എത്തിക്കാനുള്ള സംവിധാനം ഒരുക്കുക എന്നതാണ്. സംസ്ഥാനത്ത് സാന്ത്വന ചികിത്സ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പാലിയം ഇന്ത്യയുടെ മേധാവിയായ ഡോ. എം.ആർ. രാജഗോപാൽ കഴിഞ്ഞ ദിവസം 'കേരളകൗമുദി"യിൽ എഴുതിയ ഒരു അനുഭവക്കുറിപ്പ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധ പതിയേണ്ടതാണ്. പ്രമേഹം മൂലം കാൽ മുറിച്ചുമാറ്റേണ്ടിവന്ന ഭർത്താവിനൊപ്പം പ്രായാധിക്യത്തിന്റെ സകല അവശതകളുമുള്ള ഒരു വൃദ്ധയുടെ ദുരിതാനുഭവമാണ് അനുഭവക്കുറിപ്പിൽ പറയുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ഇൻസുലിൻ വാങ്ങാനായി 300 രൂപ ആട്ടോക്കൂലി നൽകി ഓരോ മാസവും ആശുപത്രിയിൽ പോകേണ്ടിവരുന്ന വൃദ്ധയുടെ ദുരിതകഥയാണ് അദ്ദേഹം വിവരിക്കുന്നത്. വീട്ടിൽ തുണയ്ക്ക് ആരുമില്ലാത്ത ഇവരെപ്പോലെ അവശത അനുഭവിക്കുന്നവർക്ക് ആവശ്യമായ മരുന്ന് മുടങ്ങാതെ വീട്ടിലെത്തിക്കേണ്ടതിന്റെ ആവശ്യകത കൂടി ആരോഗ്യവകുപ്പ് മനസിലാക്കണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ ദുരിതമനുഭവിക്കുന്നവരുണ്ടാകും. സാന്ത്വന പരിചരണം പൂർണമാകാൻ ഇത്തരത്തിലുള്ള സേവനവും പദ്ധതിയുടെ ഭാഗമാകണം. ചികിത്സയ്ക്കും പരിചരണത്തിനുമൊപ്പം ആവതുള്ളവർക്ക് തങ്ങൾക്കു താത്‌പര്യമുള്ള കാര്യങ്ങളിൽ പരിശീലനം നൽകുന്നതും 'അരികെ" പദ്ധതിയിൽ ഉൾപ്പെടുത്തിയത് നല്ല കാര്യമാണ്. മനസിന്റെ മുരടിപ്പ് മാറ്റാനും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ തങ്ങൾക്കും കഴിയുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കാനും ഇത് ഉപകരിക്കും. പാലിയേറ്റീവ് രംഗത്ത് കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാർ ആവശ്യമാണ്. അതിനായി മെഡിക്കൽ കോളേജുകളിൽ ഈ വിഭാഗത്തിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതു നന്നായിരിക്കും. പാലിയേറ്റീവ് ചികിത്സാ മേഖലയിൽ അഞ്ചുവർഷത്തിനകം മികവുറ്റ ഒരു സ്ഥാപനം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ഒട്ടും പ്രയാസമുള്ള കാര്യമല്ല അത്.