ancy-sojan

ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക്സ് 100 മീറ്ററിൽ സ്വർണം നേടി ആൻസി സോജൻ വേഗറാണിയായി

ഗൗരി നന്ദനയ്ക്കും അനു മാത്യുവിനും വെങ്കലം

സൺഗ്രൂർ: മഴയിൽ നനഞ്ഞ് തണുപ്പിൽ കുതിർന്ന വാർ ഹീറോ സ്റ്രേഡിയത്തിലെ സിന്തറ്രിക്ക് ട്രാക്കിൽ തീപാറും വേഗത്തിൽ കുതിച്ചുപാഞ്ഞ ആൻസി സോജനിലൂടെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം.പെൺകുട്ടികളുടെ 100 മീറ്ററിൽ 12.10 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻസി കേരളത്തിന് സ്വർണത്തിളക്കം സമ്മാനിച്ചത്. പെൺകുട്ടികളുടെ 400 മീറ്രറിൽ ഗൗരി നന്ദനയും ട്രിപ്പിൾ ജമ്പിൽ അനു മാത്യുവും നേടിയ വെങ്കലങ്ങളാണ് കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലെയെത്തിയ മറ്ര് മെഡലുകൾ. കേരളത്തിന് ഇതുവരെ കിട്ടിയ നാല് മെഡലുകളും പെൺകുട്ടികളുടെ കരുത്തിലാണ്.

രണ്ട് ദിവസങ്ങളിലായി 13 ഫൈനലുകൾ നടന്നപ്പോൾ സീനിയർ വിഭാഗത്തിൽ കേരളം നാലാം സ്ഥാനത്താണ്. സബ് ജൂനിയർ,​ ജൂനിയർ മത്സരങ്ങൾ ചേർത്തുള്ള ഓവറാൾ പോയിന്റ് നിലയിൽ കേരളം 126 പോയിന്റുമായി മൂന്നാം സ്ഥാനത്തും. 164 പോയിന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 162 പോയിന്റുമായി മഹാരാഷ്ട്ര തൊട്ടു പിന്നിലുണ്ട്. ഇന്നലെ മൂന്ന് മീറ്ര് റെക്കാഡുകൾ തിരുത്തിക്കുറിക്കപ്പെട്ടു.

പെൺകുട്ടികളുടെ ഡിസ്ക്സ് ത്രോയിൽ ഹരിയാനയുടെ ഗരിമ (45.05 മീറ്രർ)​,​ ട്രിപ്പിൾ ജമ്പിൽ തമിഴ്നാടിന്റെ പി.ബബിഷ (12.58 മീറ്റർ)​,​ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ ഉത്തരാഘണ്ഡിന്റെ പരംജീത്ത് സിംഗ് ബിഷ് ( 20 മിനിട്ട്19.52 സെക്കൻഡ്)​ എന്നിവരാണ് ഇന്നലെ റെക്കാഡ് പുസ്തകത്തിൽ ഇന്നലെ ഇടം നേടിയത്. ട്രിപ്പിൾ ജമ്പിൽ ബബിഷ പഴങ്കഥയാക്കിയത് കേരളത്തിന്റെ ജെനിമോൾ ജോയ് 2013ൽ സ്ഥാപിച്ച 12.54 മീറ്ററിന്റെ റെക്കാഡാണ്.

ആൺകുട്ടികളുടെ 100 മീറ്രറിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കർണാടകയുടെ ശശികാന്ത് വി.അൻകദ് മീറ്രിലെ വേഗമേറിയ താരമായി. ഈ ഇനത്തിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന സൂര്യജിത്ത് ഏറ്രവും അവസാനമാണ് ഫിനിഷ് ചെയ്തത്.

പയ്യെത്തുടങ്ങി പറന്ന് കയറി

സ്റ്രാർട്ടിംഗിൽ പിഴച്ചെങ്കിലും അവസാന ഇരുപത് മീറ്ററിലെ മിന്നിൽക്കുതിപ്പിലൂടെ 12.10 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തുകയായിരുന്നു ആൻസി സോജൻ. 11.82 സെക്കൻഡ് എന്ന കരിയർ ബെസ്റ്റ് സമയം മറികടക്കുകെയെന്ന ലക്ഷ്യത്തോടെയിറങ്ങിയ ആൻസിക്ക് പക്ഷേ താൻ ഒാടിയ ട്രാക്കിൽ വെള്ളം കെട്ടിക്കിടന്നത് തടസമായി. ആൻസിയുടെ അവസാന സ്കൂൾ മീറ്റാണിത്. നാട്ടിക ഗവൺമെൻറ് ഫിഷറീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആൻസി സംസ്ഥാന സ്കൂൾ കായികമേളയിൽ 100, 200, ലോംഗ് ജമ്പ് എന്നിവയിൽ റെക്കാഡോടെയാണ് സ്വർണം നേടിയത്.നാട്ടിക ഇടപ്പിള്ളി സോജന്റെയും ജാൻസിയുടെയും മകളായ ആൻസിയുടെ പരിശീലകൻ കണ്ണനാണ്. ഇവിടെ ഇനി 200, ലോംഗ്ജമ്പ്, 4-100 മീറ്രർ റിലേ എന്നിവയിലും മത്സരിക്കാനിറങ്ങും.

വെങ്കലം നേടി മേഴ്സിക്കുട്ടികൾ
ഇന്നലെ കേരളം നേടിയ രണ്ട് വെങ്കല മെഡലുകൾ ഒളിമ്പ്യൻ മേഴ്സിക്കുട്ടന്റെ ശിഷ്യകളായ ഗൗരി നന്ദനയുടെയും അനു മാത്യുവിന്റെയും സംഭാവനയാണ്. പെൺകുട്ടികളുടെ 400 മീറ്ററിൽ 57.60 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗൗരീനന്ദന വെങ്കലം നേടിയത്. മറ്രൊരു കേരള താരം എ.എസ്. സാന്ദ്ര നാലാം സ്ഥാനത്തായി. ദക്ഷിണേഷ്യൻ ഗെയിംസിൽ വെള്ളി നേടിയ കർണാടക താരം പ്രിയ.എച്ച് മോഹനനാണ് സ്വർണം. ട്രിപ്പിൾ ജമ്പിൽ 12.40 മീറ്രർ താണ്ടിയാണ് അനു മാത്യു മൂന്നാമതെത്തിയത്. ഈ ഇനത്തിൽ ചാട്ടത്തിനിടെ പരിക്കേറ്ര കേരളത്തിന്റെ അലീന ടി.ഷാജി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഇന്ന് ഏഴ് ഫൈനലുകൾ

മീറ്രിന്റെ മൂന്നാം ദിനമായ ഇന്ന് ഏഴ് ഫൈനലുകളാണുള്ളത്.