britain-

ലണ്ടൻ: മൈനസ് ഡിഗ്രി തണുപ്പിലും ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് ചൂട്. ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവിൽ ഇന്നലെ ബ്രിട്ടനിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി പത്തുവരെയാണ് പോളിംഗ്. അർദ്ധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ മുതൽ ഫലസൂചനകൾ പുറത്തുവരും.

കൺസർവേറ്റീവ് പാർട്ടിയുടെ ബോറിസ് ജോൺസനും ലേബർ പാർട്ടിയുടെ ജെറമി കോർബിനും തമ്മിലാണ് പ്രധാന മത്സരം. വിജയിച്ചാൽ ക്രിസ്മസിന് മുമ്പ് ബ്രെക്സിറ്റ് പരിഹരിക്കുമെന്നാണ് ബോറിസ് ജോൺസന്റെ വാഗ്ദാനം. എന്നാൽ ബ്രെക്സിറ്റിൽ വീണ്ടും ജനഹിത പരിശോധന നടത്തുമെന്നും, നാളെയുടെ പ്രത്യാശയ്ക്ക് വോട്ടു ചെയ്യണമെന്നുമാണ് ജെറമി കോർബിന്റെ അഭ്യർത്ഥന.

പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനും മറ്റ് പ്രാദേശിക കക്ഷി നേതാക്കളും രാവിലെ തന്നെ വോട്ടു ചെയ്തശേഷം വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. സ്‌കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. കൊടും തണുപ്പിനൊപ്പം രാജ്യത്ത് ചിലയിടങ്ങളിൽ കനത്ത മഴപെയ്യുന്നത് പോളിംഗ് ശതമാനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

1923നുശേഷം ആദ്യമായാണ് ബ്രിട്ടനിൽ ഡിസംബറിൽ വോട്ടെടുപ്പ് നടക്കുന്നത്.

ജനസഭയും പ്രഭുസഭയും അടങ്ങിയതാണ് ബ്രിട്ടീഷ് പാർലമെന്റ്.

650 അംഗ ജനസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

326 സീറ്റാണ് കേവലഭൂരിപക്ഷം

 3,322 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.

4.58 കോടി വോട്ടർമാർ

ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ തൂക്കു പാർലമെന്റ് വരും

 മത്സരരംഗത്തുള്ളവർ

ഭരണകക്ഷിയായ കൺസർവേറ്റീവ് (ടോറി), മുഖ്യ പ്രതിപക്ഷമായ ലേബർ, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, പ്രാദേശിക പാർട്ടികളായ, സ്‌കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി) ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി), ഷിൻ ഫെയ്ൻ, പ്ലൈഡ് കമറി, ഗ്രീൻ പാർട്ടി, ബ്രക്സിറ്റ് പാർട്ടി, സ്വതന്ത്രന്മാർ, സ്പീക്കർ എന്നിവർ.