മുംബയ്: മഹാരാഷ്‌ട്രയിൽ രണ്ടാഴ്ച മുൻപ് അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാരിന്റെ വകുപ്പു വിഭജനം ഇന്നലെ പൂർത്തിയാക്കി. മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സംസ്ഥാന നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് വകുപ്പുകൾ നിശ്ചയിച്ചത്.
മുഖ്യമന്ത്രി പദത്തിന് പുറമെ സുപ്രധാനമായ ആഭ്യന്തര വകുപ്പും ശിവസേന എടുത്തു. ധനകാര്യം എൻ.സി.പിക്കും റവന്യൂ, ഊർജ്ജം എന്നിവ കോൺഗ്രസിനും നൽകി.
ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ആഭ്യന്തര മന്ത്രിയാവുമെന്നാണ് സൂചന.
എൻ.സി.പി നേതാവ് അജിത് പവാർ, മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് എന്നിവരുമായി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വകുപ്പു വിഭജനത്തിന് അന്തിമരൂപമായത്.
ആറ് മന്ത്രിമാർക്കൊപ്പം നവംബർ 28നാണ് ഉദ്ധവ് താക്കറെ അധികാരമേറ്റത്.
മന്ത്രിമാരുടെ സാദ്ധ്യതാ ലിസ്റ്റ്
ശിവസേന
ഏക്‌നാഥ് ഷിൻഡെ - ആഭ്യന്തരത്തിന് പുറമെ നഗര വികസനം, വനം പരിസ്ഥിതി, ജലവിതരണം, ടൂറിസം, പാർലമെന്ററികാര്യം എന്നിവയുടെ ചുമതലയും.
സുഭാഷ് ദേശായി - വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോർട്സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ്
എൻ.സി.പി
ജയന്ത് പാട്ടീൽ - ധനമന്ത്രിയായേക്കും. മറ്റ് വകുപ്പുകൾ - ആസൂത്രണം, ഭവനനിർമ്മാണം, ആരോഗ്യം, സഹകരണം, ഭക്ഷ്യവകുപ്പ്, സിവിൽ സപ്ളൈസ്, തൊഴിൽ, ന്യൂനപക്ഷക്ഷേമം
ഛഗൽ ഭുജ്ബൽ - നഗരവികസനം,സാമൂഹ്യനീതി
കോൺഗ്രസ്
ബാലസാഹെബ് തോറാട്ട് - റവന്യൂമന്ത്രിയാകും. മെഡിക്കൽ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്
നിതിൻ റൗത്ത് - പൊതുമരാമത്ത്, ഗോത്രവർഗ ക്ഷേമം, വനിതാ ശിശു വികസനം, ടെക്സ്‌റ്റൈൽസ്, പിന്നാക്ക ക്ഷേമം, പുനരധിവാസം