കാസർകോട്: സംസ്ഥാനത്തെ വടക്കേജില്ലയായ കാസർകോട്ട് ചെറു വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി. ജില്ലയിൽ പെരിയയിലാണ് എയർസ്ട്രിപ് നിർമ്മിക്കാൻ പദ്ധതിയുള്ളത്.
പദ്ധതിയുടെ നടപടി വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം റവന്യു വകുപ്പിന് നിർദ്ദേശം നൽകി. ഉഡാൻ പദ്ധതി പ്രകാരമാണ് എയർ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ഒരു റൺവേയുള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും.
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ എയർസ്ട്രിപ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ കാസർകോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്.