nirbhaya-case

ന്യൂഡൽഹി:നിർഭയ കൂട്ടമാനഭംഗക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി, രണ്ട് ആരാച്ചാർമാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചു. ആരാച്ചാർമാർ റെഡിയാണെന്ന് യു.പി ജയിൽ ഡി.ജി.പി ആനന്ദ് കുമാർ മറുപടിയും നൽകി. എപ്പോൾ വിളിച്ചാലും ആരാച്ചാർമാർ എത്തണമെന്നാണ് നിർദ്ദേശം.

നിർഭയ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടതിന് ഏഴ് വർഷം തികയുന്ന ഡിസംബർ 16നാണ്. അതിന്റെ പിറ്റേന്ന് ( 17ന് ) പ്രതികളിൽ ഒരാളായ അക്ഷയ് ഠാക്കൂർ വധശിക്ഷയ്‌ക്കെതിരെ നൽകിയ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഉച്ചയ്ക്കു രണ്ട് മണിക്ക് തുറന്ന കോടതിയിലാകും വാദം. ഡിസംബർ 29നാണ്

നിർഭയ മരണമടഞ്ഞതിന്റെ വാർഷികം. ഈ ദിവസങ്ങളിൽ എപ്പോഴെങ്കിലും വധശിക്ഷ നടപ്പാക്കിയേക്കും

തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാൽ ശിക്ഷ നടപ്പാക്കും. നാല് തൂക്കുകയറുകൾ ഒരുക്കാൻ തിഹാറിൽ നിന്ന് നിർദ്ദേശം നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

തിഹാർ ജയിലിൽ സ്ഥിരം ആരാച്ചാർ ഇല്ല. ആവശ്യഘട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയോഗിക്കുകയാണ് പതിവ്.

നിർഭയ കേസിൽ പ്രതികളായ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നത്. വിനയ് ശർമ്മയുടെ ദയാഹർജി പിൻവലിച്ചതോടെ ഡൽഹിയിലെ മാൺഡൂലി ജയിലിൽ നിന്ന് ഇയാളെ കഴിഞ്ഞ ദിവസം തിഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരുടെ റിവ്യൂഹർജി സുപ്രീം കോടതി 2018 ജൂലായിൽ തള്ളിയിരുന്നു.

 ആരാച്ചാർ പവൻ ജലാദ് റെഡി !

ഉത്തർപ്രദേശിലെ ഏക ആരാച്ചാർ പവൻ ജലാദിനെ (59) തിഹാറിലെത്തിച്ച് പ്രതികളെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുണ്ട്. 'തിഹാറിലേക്ക് പോകാൻ തയ്യാറായിരിക്കാൻ നിർദ്ദേശം കിട്ടി. നിർഭയ കേസിലെ പ്രതികൾ ദയ അർഹിക്കുന്നില്ല. സന്തോഷത്തോടെ ജോലി നിർവഹിക്കും.' പവൻ ജലാദ് പറഞ്ഞു. ഇയാളുടെ അച്ഛനും മുത്തച്ഛനും ആരാച്ചാർ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയത് മുത്തച്ഛൻ കാലു ആയിരുന്നു. അച്ഛനും മുത്തച്ഛനും ഒപ്പം പവൻ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് നിഥാരി കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ തൂക്കിലേറ്റാൻ പവൻ നിയോഗിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വധശിക്ഷ പിൻവലിച്ചു. സൈക്കിളിൽ തുണികൾ കൊണ്ടു നടന്ന് വിൽക്കുകയാണ് പവന്റെ ജോലി.