
മുംബയ് : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുപള്ള മന്ത്രിസഭയിൽ വകുപ്പുകളുടെ വിഭജനം പൂർത്തിയായി. ശിവസേന ആഭ്യന്തര വകുപ്പും നഗരവികസന വകുപ്പും കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പും ഭവനനിർമാണ വകുപ്പും എൻ.സി.പിക്കാണ്. റവന്യൂവകുപ്പാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.
ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ ആഭ്യന്തര മന്ത്രിയാകും. വനം-പരിസ്ഥിതി, മണ്ണ്-ജലസംര
ക്ഷണം, ടൂറിസം തുടങ്ങിയ വകുപ്പുകളും ഇദ്ദേഹത്തിന് നല്‍കും. പൊതുമരാമത്ത് വകുപ്പും ശിവസേനക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.
ഗ്രാമ വികസനം, സാമൂഹ്യ നീതി, ജല സ്രോതസ്, എക്സൈസ്, നൈപുണ്യ വികസനം, ആരോഗ്യ കാര്യം തുടങ്ങിയ വകുപ്പുകൾ എൻ.സി.പിക്ക് ലഭിക്കും. വൈദ്യുതി, ഊർജ വകുപ്പുകളും മെഡിക്കൽ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അനിമൽ ഹസ്ബൻഡറി, ക്ഷീര വികസനം, ഫിഷറീസ് മുതലായ വകുപ്പുകളും കോൺഗ്രസിന് ലഭിക്കും.
ഇത് താത്കാലികമായ വകുപ്പ് വിഭജനമാണെന്നും മന്ത്രിസഭാ വിപുലീകരണം പൂർത്തിയായിട്ടില്ലെന്നും എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. അസംബ്ലി സെഷൻ പൂർത്തിയായതിന് ശേഷമേ വകുപ്പ് വിഭജനം പൂർത്തിയാകൂവെന്ന് അദ്ദേഹം പറഞ്ഞു.