കട്ടപ്പന: ഏലത്തോട്ടത്തിൽ ജോലിക്കിടെ മരം ദേഹത്തുവീണ് തമിഴ് തോട്ടം തൊഴിലാളി മരിച്ചു. പുളിയൻമല കമ്പനിപ്പടി ഈശ്വരി ഭവനത്തിൽ അയ്യറാണ് (60) മരിച്ചത്. പുളിയൻമലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ഏലച്ചെടികൾ നടുന്നതിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മരങ്ങൾ പിഴുത് മാറ്റുന്നതിനിടയിൽ സമീപത്ത് ജോലി ചെയ്തിരുന്ന അയ്യറുടെ ദേഹത്തേയ്ക്ക് മരം പതിക്കുകയായിരുന്നു. മകൻ വേൽമുരുകനും മറ്റുള്ളവരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ശങ്കരപുരം സ്വദേശി ഭവനത്തായിയാണ് ഭാര്യ. മറ്റ് മക്കൾ: കറുപ്പയ്യ , ഈശ്വരി .