irctc

കൊച്ചി: ടിക്കറ്ര് ബുക്കിംഗ് കൂടുതൽ എളുപ്പവും തടസരഹിതവുമാക്കാൻ പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). 'ഇപ്പോൾ ബുക്ക് ചെയ്യൂ, പണം പിന്നീട് അടയ്‌ക്കൂ" എന്ന സേവനമാണ് ഐ.ആർ.സി.ടി.സി അവതരിപ്പിച്ചത്. ഇത്, സമയം പാഴാക്കാതെയും ഓൺലൈനായി പണം അടയ്ക്കുമ്പോഴുണ്ടാകാവുന്ന സെർവർ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവ നേരിടാതെയും എളുപ്പത്തിൽ ടിക്കറ്റെടുക്കാൻ യാത്രക്കാരെ സഹായിക്കും.

അർത്ഥശാസ്‌ത്ര ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച 'ഇ-പേ ലേറ്റർ" എന്ന സംവിധാനത്തിലൂടെയാണ് ഈ സൗകര്യം ഐ.ആർ.സി.ടി.സി ലഭ്യമാക്കുന്നത്. റിസർവേഷൻ, തത്കാൽ ടിക്കറ്റുകൾ എടുക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ടിക്കറ്റ് ബുക്ക് ചെയ്‌തശേഷം കൃത്യം 14 ദിവസത്തിനകം പണം അടയ്ക്കണം. പണം അടയ്‌ക്കാൻ വൈകിയാൽ യാത്രക്കാരൻ 3.50 ശതമാനം പലിശയും ബാധകമായ നികുതിയും നൽകേണ്ടിവരും.

ഇ-പേ ലേറ്റർ സൗകര്യം

1) ഐ.ആർ.സി.ടി.സി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക

2) യാത്രാ വിവരങ്ങൾ നൽകുക

3) തുടർന്ന്, വരുന്ന പേമെന്റ് പേജിൽ 'പേ ലേറ്റർ" ഓപ്‌ഷൻ തിരഞ്ഞെടുക്കുക

4) രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിച്ച്, 'ഇ-പേ ലേറ്റർ" വെബ്‌സൈറ്രിൽ ലോഗിൻ ചെയ്യുക

5) ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ എന്റർ ചെയ്യുന്നതോടെ, ലോഗിൻ വിജയകരമാകും

6) തുടർന്ന്, ടിക്കറ്റ് ബുക്കിംഗ് തുക ഉറപ്പാക്കുക. അതോടെ, ടിക്കറ്റ് ബുക്ക് ചെയ്യപ്പെടും. പണം 14 ദിവസത്തിനകം അടച്ചാൽ മതി.