ലക്നൗ: കേസുമായി മുന്നോട്ട് പോയാൽ ഉന്നാവിലെ പെൺകുട്ടിക്ക് സംഭവിച്ചതിനേക്കാൾ ഭീകരമായിരിക്കും നിന്റെ അവസ്ഥയെന്ന് മാനഭംഗത്തിനിരയായ യുവതിക്ക് പ്രതിയുടെ ഭീഷണി. പശ്ചിമ യു.പിയിലെ ഭാഗ്പതിൽ യുവതിയുടെ വീടിനുമേലാണ് ഭീഷണി ഉയർത്തിക്കൊണ്ടുള്ള പോസ്റ്റർ പതിച്ചത്.
കഴിഞ്ഞ വർഷമാണ് ഡൽഹിയിലെ മുഖർജീ നഗറിൽ വെച്ച് പ്രതിയായ സോറൻ സിംഗ് മയക്കുമരുന്ന് നൽകി യുവതിയെ മാനഭംഗത്തിനിരയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പകർത്തിയ പ്രതി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്തിരുന്നു. കഴിഞ്ഞ ജൂലായിൽ യുവതി പൊലീസിൽ പരാതി നൽകി. കേസിൽ അറസ്റ്റിലായ പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയിരുന്നു. അതേ ദിവസമാണ് ഉന്നാവിൽ മാനഭംഗക്കേസിലെ പ്രതികൾ ചേർന്ന് തീകൊളുത്തിയ പെൺകുട്ടി മരിച്ചത് ആവർത്തിക്കുമെന്ന ഭീഷണി നോട്ടീസ് പതിച്ചത്.വെള്ളിയാഴ്ച യുവതി കോടതിയിൽ മൊഴി നൽകാനിരിക്കെയാണ് സംഭവം. പ്രതിയും കൂട്ടരുമാണ് ഭീഷണിക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു.