ന്യൂഡൽഹി : പാർലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഗസറ്റിൽ പ്രഖ്യാപനം വന്നതോടെ ഇന്നു മുതൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ഏറെ ചർച്ചകൾക്കും നാടകീയരംഗങ്ങൾക്കുമൊടുവിലാണ് ബിൽ പാസായത്. എന്നാൽ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ജനം തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്. വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അസമിലും ത്രിപുരയിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത്. ഇവിടെ പൊലീസ് വെടിവയ്പിൽ മൂന്ന് പേർ മരണമടഞ്ഞു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്. അസാമിൽ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു.ബി. ജെ. പി. എം. എൽ. എയുടെ വീടിന് തീവച്ചു.
ബിൽ ഇരുസഭകളിലും പാസായതോടെ സാന്ത്വനത്തിന്റെ പാതയിലാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ നിയമമായതിൽ അസാമിലെ 'സഹോദരീ സഹോദരന്മാർ' ആശങ്കപ്പെടേണ്ടതില്ലെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു. അസാമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്‌കാരവും ആർക്കും തട്ടിയെടുക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ തെറ്റിദ്ധാരണകളിൽ വീണുപോകരുത്. തന്നെ വിശ്വസിക്കണമെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് മോദി ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോൺഗ്രസ് എതിർക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ അജൻണ്ടയാണിതെന്നും, കോൺഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു. മുസ്ലിം ലീഗ് ഇന്നലെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, പി.കെ. നവാസ് കനി എന്നിവർ നേരിട്ടാണ് ഹർജി നൽകിയത്. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേർതിരിവ് കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ നിയമനിർമ്മാണത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമർശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തര മന്ത്രി അസദുസമാൻ ഖാനും ഇന്ത്യാസന്ദർശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുർബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെൻ വിമർശിച്ചിരുന്നു.