കൊച്ചി: പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അർദ്ധരാത്രിയിൽ അടച്ചു. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. ഏഴുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഴി അടച്ചത്. ഇതുസംബന്ധിച്ച് കളക്ടർ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ ജനരോഷമുയർന്നതോടെയാണ് പ്രശ്നത്തിൽ കളക്ടർ ഇടപെട്ടത്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാൻ തീരുമാനിച്ചത്. അപകടം ഉണ്ടായ സ്ഥലത്ത് പൊലീസ് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം കുഴിയടച്ചില്ലെങ്കിൽ സ്വന്തം ജോലി പോവുമെന്നും, കേസെടുക്കും എന്നും കളക്‌ടർ മുന്നറിയിപ്പ് കൊടുത്തതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അർദ്ധരാത്രി തന്നെ എത്തി പൈപ്പ് ലൈനിലെ ചോർച്ച തടയാനും മരണകുഴി അടയ്ക്കാനും തുടങ്ങിയത്.
കഴിഞ്ഞ ദിവസം പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസിലെ വിദ്യാർത്ഥിയും ചെറിയപ്പിള്ളി മഡോണ ടെയ്‌ലേഴ്സ് ഉടമ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകനുമായ കെ.എൽ. യദുലാൽ (23) ആണ് മരിച്ചത്. പാലാരിവട്ടം മെട്രോസ്റ്റേഷന് തൊട്ടരികിൽ മൂന്നാഴ്ചയായി മൂടാതെ കിടന്ന കുഴിയുടെ മുന്നിൽ വച്ച വലിയ ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടിമറിഞ്ഞ് റോഡിൽ വീണ യുവാവിന്റെ ദേഹത്തുകൂടി, പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.