unni-mukundan

വള്ളുവാനാട്ടിലെ അങ്കചാവേറുകളുടെ കഥ പറയുന്ന ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തി കഴിഞ്ഞു. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മാസ്‌റ്റർ അച്ചുതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ മാമങ്കത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിക്കും അച്ചുതനുമൊപ്പം ചന്ദ്രോത്ത് പണിക്കർ എന്ന യോദ്ധാവിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. മേൽപ്പടിയാൻ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണെങ്കിലും മാമാങ്കത്തിനായി താൻ ഉണ്ടാക്കിയെടുത്ത ശരീര സൗന്ദര്യം നഷ്‌ടപ്പെടുത്താൻ ഒരുങ്ങുന്നതിന്റെ വിഷമത്തിൽ കൂടിയാണ് ഈ യുവതാരം. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മാമാങ്ക വിശേഷത്തിനൊപ്പം തന്റെ പുതിയ 'ചുവടുകളെ' കുറിച്ചും ഉണ്ണി മനസു തുറന്നു.

'മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർക്കായിട്ട് ഉണ്ടാക്കിയെടുത്ത മസിലൊക്കെ എന്റെ പുതിയ ചിത്രമായ മേൽപ്പടിയാനിലേക്ക് വന്നപ്പോൾ പോയി. എനിക്ക് അത്യാവശ്യം നല്ല വയറൊക്കെ ഉണ്ടിപ്പോൾ. ആ ചിത്രത്തിന് അത് ആവശ്യമായിരുന്നു. പക്ഷേ വളരെ ബുദ്ധിമുട്ട് തോന്നി. കാരണം രണ്ട് വർഷത്തോളമെടുത്ത് ബോഡി ബിൽഡ് ചെയ്‌തെടുത്ത് നിൽക്കുമ്പോഴാണ്, ഇത്രയും മസിലൊന്നും നമുക്ക് വേണ്ടെന്ന് മേൽപ്പടിയാന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ആദ്യം കുറച്ച് മടി തോന്നിയെങ്കിലും ആ പ്രോജക്‌ടിന്റെ ആവശ്യം അതാണെന്ന് മനസിലാക്കി തയ്യാറാവുകയായിരുന്നു. എനിക്ക് ഫിറ്റ്‌നെസ് വലിയ ഇഷ്‌ടമുള്ള കാര്യമാണ്. സിനിമയ്‌ക്ക് വേണ്ടി ഒരിക്കലും മസിൽ ഉണ്ടാക്കിയിട്ടില്ല'-ഉണ്ണി പറഞ്ഞു.