itizenship-amendment-bill

ചെന്നെെ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചെന്നെെയിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സെയ്ദാപ്പേട്ടിലെ പ്രധാനപാത ഉപരോധിച്ചു. ഇതുസംബന്ധിച്ച് ഡിസംബർ 17ന് സംസ്ഥാന വ്യാപകമായി ഡി.എം.കെ പ്രതിഷേധം നടത്തുമെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ബി.ജെ.പി സർക്കാർ തകർക്കുന്നതായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിലൂടെ മതേതരത്വം,​നീതി,​സാഹോദര്യം എന്നിവ ഇല്ലാതാക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴ് വംശജരോടും വഞ്ചനയാണ് നടത്തിയതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം,​പൗരത്വബില്ലിനെതിരെ വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഷം പുകയുകയാണ്. അസാമില്‍ പ്രതിഷേധം രക്തരൂഷിതമായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹാട്ടിയില്‍ രണ്ട് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഗുവാഹട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യു ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ ലുവാങ് ഗാവോങ്ങില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

വെടിയേറ്റ് ഗുവാഹാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. അസമിലും അയല്‍സംസ്ഥാനമായ ത്രിപുരയിലും തീവണ്ടി-വിമാന ഗതാഗതം താത്കാലികമായി നിര്‍ത്തി. റോഡുഗതാഗതവും തടസപ്പെട്ടു.