udayamperoor-murder-case

കൊച്ചി: അതിബുദ്ധിയാണ് ഉദയംപേരൂർ വിദ്യ കൊലക്കേസിൽ ഭർത്താവ് പ്രേകുമാറിനെ വിനയായത്. കാമുകിയായ സുനിതയുമായി കലഹിച്ചതോടെ അവളെ കേസിൽപ്പെടുത്തി അകത്താക്കാനായി പ്രേംകുമാർ പൊലീസ് ഓഫീസർക്ക് അയച്ച ഒരു വാട്സാപ്പ് സന്ദേശമാണ് കേസിൽ പ്രധാന തെളിവായത്.

സുനിതയെ കുടുക്കി ബഹ്‌റൈനിലേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ പദ്ധതി. അതിനായി കാറും ബൈക്കും ഉൾപ്പെടെയുള്ള സാധനങ്ങളൊക്കെ വിറ്റു. ശേഷം 'എനിക്കവളെ കൊല്ലേണ്ടിവന്നു' എന്ന ആഡിയോ വാട്സാപ്പ് സന്ദേശം ഡിസംബർ ആറിന് ഉച്ചയോടെ ഒരു പൊലീസുകാരന് അയക്കുകയായിരുന്നു. വൈകീട്ട് ബഹ്‌റൈനിൽ പോകാൻ ടിക്കറ്റ് വരെ എടുത്ത് വച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മകന്റെ ഓർഫനേജിലേക്കുള്ള അഡ്മിഷൻ വൈകിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. തുടർന്ന് ഏഴാം തീയതി അഡ്മിഷൻ എടുത്തശേഷം 10ന് ബംഗളൂരിൽ നിന്ന് ബഹ്റൈനിൽ പോകാമെന്ന് പദ്ധതി മാറ്റി.

ഇതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. അഡ്മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസെത്തി പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം,​ വിദ്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിക്കാൻ ഉപദേശം നൽകിയ പ്രേംകുമാറിന്റെ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ.

സെപ്തംബർ21നാണ് ഉദയംപേരൂരിൽ താമസിച്ചുവന്ന ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാർ ഭാര്യ വിദ്യയെ കാമുകി സുനിതയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. വിദ്യയെ ആയുർവേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് പ്രേംകുമാർ കാമുകിയുമൊത്ത് താമസിച്ചിരുന്ന തിരുവനന്തപുരം പേയാടുള്ള വില്ലയിലെത്തിച്ചത്. പിന്നീട് മദ്യം നൽകി മയക്കിയശേഷം പുലർച്ചെ രണ്ടുമണിയോടെ വിദ്യയെ പ്രേംകുമാർ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.