rahul-gandhi

ന്യൂഡൽഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബി.ജെ.പി വനിതാ എം.പിമാരുടെ പ്രതിഷേധം. 'മേയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ബഹളത്തെ തുടർന്ന് 12 മണി വരെ സഭ നിറുത്തിവച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കലാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുൽ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. "നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ഒരു സ്ത്രീയെ പീഡിപ്പിച്ചത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല"-രാഹുൽ പറഞ്ഞു.

ബേട്ടി ബചാവോ, ബേട്ട പഠാവോ എന്നു മോദി പറഞ്ഞു. എന്നാല്‍ ആരില്‍ നിന്നാണ് പെണ്‍മക്കളെ സംരക്ഷിക്കേണ്ടതെന്നു മോദി പറഞ്ഞില്ല. ബി.ജെ.പി എം.എല്‍.എമാരില്‍നിന്നാണ് അവരെ സംരക്ഷിക്കേണ്ടതെന്നും രാഹുല്‍ തുറന്നടിച്ചു. അതേസമയം,​ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ പീഡിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതെന്നു സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോ എന്നും രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടണമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.