agricultural-uni

തൃശൂർ: കാർഷിക സർവകലാശാല സഹകരണ സംഘത്തിലെ ക്ലാസ് ഫോർ നിയമനത്തിനുള്ള പരീക്ഷയിൽ വൻ ക്രമക്കേടെന്ന് ആരോപണം. സ്വകാര്യ ഏജൻസി നടത്തിയ പരീക്ഷയിൽ മറ്റുള്ള ഉദ്യോഗാർത്ഥികളെക്കാൾ ഇരട്ടി മാർക്കാണ് രണ്ട് സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചത്. 31 ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി ആൻഡ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി സഹകരണ സംഘത്തിലേക്കായിരുന്നു നിയമനം. നിയമന അറിയിപ്പു വന്നതാകട്ടെ ഇടതുപക്ഷ പാർട്ടി മുഖപത്രങ്ങളിലും.

പൂത്തോളിലെ സ്വകാര്യ ഏജൻസിയാണ് പരീക്ഷയും അഭിമുഖവും നടത്തിയത്. പരീക്ഷയെഴുതിയ 31 പേരിൽ 29 പേർക്കും പരമാവധി കിട്ടിയതു 32 മാർക്കാണത്രേ. റാങ്ക് ലിസ്റ്റിൽ മുൻനിരയിലുള്ള രണ്ട് പേർക്ക് 70ഉം 65ഉം മാർക്ക് വീതം ലഭിച്ചു. ഒരാൾ ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ഭാര്യയും മറ്റൊരാൾ കാർഷിക സർവകലാശാലയിലെ സി.പി.എം അനുകൂല സംഘടനാ നേതാവിന്റെയും ഭാര്യയുമാണ്.

കാർഷിക സർവകലാശാലയിലെയും വെറ്ററിനറി സർവകലാശാലയിലെയും അദ്ധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്നതാണ് സഹകരണ സംഘം. സംഘത്തിന്റെ ഭരണസമിതിയിൽ സി.പി.ഐ പ്രതിനിധികൾ ഉണ്ടെങ്കിലും ജീവനക്കാരുടെ നിയമനത്തിൽ സി.പി.ഐയെ അവഗണിച്ചതിൽ അവർക്കും പ്രതിഷേധമുണ്ട്.