മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ സംസ്ഥാനം കടന്നുപോകുന്നത്.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ജി.എസ്.ടി നടപ്പിലാക്കുന്നതിലെ അപാകത ഏറ്റവും അധികം ബാധിച്ചിട്ടുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. വരവ് ഏറുന്നില്ല പക്ഷേ ചിലവ് ഏറുന്നു, ഇതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുന്ന പ്രധാനകാരണം. ജി.എസ്.ടി തുക പിരിച്ചെടുക്കേണ്ടതിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടി വാഗ്ദാനപ്രകാരം കേരളത്തിന് കേന്ദ്രത്തിൽ നിന്നും മാസം തോറും ലഭിക്കേണ്ടത് 1600 കോടിയാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി കേന്ദ്രം കേരളത്തിന് ഈ തുക കൈമാറാതെ പിടിച്ചുവച്ചിരിക്കുകയാണ്. സർക്കാർ ചെലവ് വെട്ടിക്കുറച്ചാൽ അത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും.
കേരളത്തിന്റെ ഉപഭോഗത്തിന്റെ മുക്കാൻ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരേണ്ട സാധനങ്ങളാണ്. ഈവേ ബിൽ കാര്യക്ഷമമായി പിരിക്കാനാവാത്തതാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. വായ്പയെടുത്ത് സർക്കാർ ഉദ്യോഗസ്ഥരുടെയടക്കം ശമ്പളം നൽകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്.