കൊല്ലം: ഉല്ലാസ യാത്രകൾക്ക് മാത്രമല്ല അൽപ്പം 'ഉല്ലാസം" കണ്ടെത്താനും കൊല്ലത്ത് ഹൗസ് ബോട്ടുകൾ സുലഭമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റു ജില്ലകളിൽ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൊല്ലത്ത് താമസമാക്കിയ പലരും ചില ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണ്.
മണിക്കൂറിന് 1001 മുതൽ 5000 രൂപ വരെ വാടക വാങ്ങുന്ന പല ബോട്ടുകളിലും അൽപ്പം കൂടി പണം ചെലവാക്കിയാൽ പെൺകുട്ടികളെ അവർ തന്നെ എത്തിച്ച് നൽകുമത്രേ. യുവ കമിതാക്കൾക്കും ഇവർ സൗകര്യങ്ങൾ ഒരുക്കിനൽകുന്നുണ്ട്. രാത്രിയാത്രകൾക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. രാത്രിയിൽ കൊല്ലത്ത് നിന്ന് പുറപ്പെട്ട് അഷ്ടമുടി കായലിൽ രാത്രി മുഴുവൻ നങ്കൂരമിടുകയാണ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികൾ കുറവായ ഭാഗത്ത് ബോട്ട് സുരക്ഷിതമായി നിറുത്തിയിടും. പുലർച്ചെ തന്നെ തിരികെ കരയിലെത്തിക്കുകയും ചെയ്യും. പെൺകുട്ടികളെ വലവീശിപ്പിടിക്കാനും ചില വിരുതന്മാർ രംഗത്തുണ്ട്. കുറച്ച് വർഷം മുമ്പ് കളക്ടറേറ്റിന് സമീപത്ത് നിന്ന് ചിലരെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിന്റെ കായൽ നിരീക്ഷണം ശക്തമല്ലാത്തതും ഇവർക്ക് തണലാകുന്നു.