അസ്ഥികൾ തുളച്ചു കയറുന്ന ശൈത്യത്തെയും ഓരിയിടുന്ന ശിശിരക്കാറ്റിനെയും അവഗണിച്ചാണ് നാലരക്കോടി ബ്രിട്ടീഷ് വോട്ടർമാർ കഴിഞ്ഞദിവസം പോളിംഗ് ബൂത്തുകളിൽ എത്തിയത്. 2020 ജനുവരി 31 ന് മുൻപ് ബ്രക്സിറ്റ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസണെ വീണ്ടും പ്രധാനമന്ത്രിയാക്കണോ അതോ ബ്രക്സിറ്റിനെക്കുറിച്ച് മിണ്ടാതെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രചാരണം നടത്തിയ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെ പ്രധാനമന്ത്രിക്കസേരയിൽ കയറ്റണമോ എന്നതായിരുന്നു വോട്ടർമാർക്ക് മുൻപിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തിൽ അസന്നിഗ്ധമായ നിലപാടാണ് വോട്ടർമാർ കൈക്കൊണ്ടത്. അഭിപ്രായങ്ങളിൽ സ്ഥിരതയില്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന് അർത്ഥശങ്കയ്ക്ക് ഇടനൽകാതെ പ്രഖ്യാപിച്ച ജോൺസന്റെ വാക്കുകളെയാണ് തങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നതെന്നാണ് വോട്ടർമാർ വിധിയെഴുതിയിരിക്കുന്നത്.
ബ്രക്സിറ്ര് എന്ന ഭൂതം ബ്രിട്ടനെ അലട്ടാൻ തുടങ്ങിയത് 2015 മുതലാണ്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ വേണ്ടയോ ( ബ്രക്സിറ്റ് ) എന്നറിയാനായി ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2015 ൽ തിരഞ്ഞെടുപ്പിനെ നേരിട്ട അന്നത്തെ കൺസർവേറ്രീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് കാമറോണാണ് ഈ വിഷയം സജീവമാക്കിയത്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന പക്ഷക്കാരനായിരുന്നു കാമറോൺ. എന്നാൽ 2016 ജൂണിൽ ഹിതപരിശോധന നടത്തിയപ്പോൾ , നിഷ്പക്ഷത പാലിച്ച് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയില്ല. ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി നേരിയ ഭൂരിപക്ഷം ബ്രക്സിറ്റ് അനുകൂലമായി മാറി. ഹിതപരിശോധന ഫലത്തിൽ നിരാശനായ കാമറോൺ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് പ്രധാനമന്ത്രിയായത് തെരേസ മേ ആയിരുന്നു. ജനഹിതം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അവർ, സ്വന്തം നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രക്സിറ്റ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 2017 ജൂണിൽ തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും , അവർക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. വടക്കൻ അയർലണ്ടിലെ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ പിന്തുണയോടെയാണ് തിരഞ്ഞെടുപ്പിന് ശേഷം അവർ സർക്കാർ രൂപീകരിച്ചത്. തെരേസ മേ തയാറാക്കിയ ബ്രക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്ന് തവണ തള്ളിയതോടെ അവർ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചു. അതിനുശേഷം 2019 ജൂലായിലാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്. 2019 ഒക്ടോബർ 31 ന് മുൻപ് , കരാറില്ലാതെയാണെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ള പാർലമെന്റ് അംഗങ്ങൾ അതിന് അനുവദിച്ചില്ല. മാത്രമല്ല, കരാറിൽ വോട്ടെടുപ്പ് നടക്കുന്നതു വരെ ബ്രക്സിറ്റ് നീട്ടാൻ പാർലമെന്റ് നിയമം പാസാക്കുകയും ചെയ്തു. അതോടെ കരാർ പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ ബ്രക്സിറ്ര് നടപ്പിലാക്കുമെന്ന ജോൺസന്റെ വീമ്പുപറച്ചിലിന് കൂച്ചുവിലങ്ങ് വീണു. തുടർന്നാണ് കരാർ കാലാവധി നീട്ടി ചോദിക്കാൻ ജോൺസൺ നിർബന്ധിതനായത്. കരാർ നടപ്പിലാക്കാൻ യൂറോപ്യൻ യൂണിയൻ പുതുക്കി നിശ്ചയിച്ച തീയതി 2020 ജനുവരി 31 ആണ്.
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജനുവരി 31 ന് മുൻപ് കരാർ നടപ്പാക്കാം എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതേസമയം, ബ്രക്സിറ്ര് പ്രശ്നത്തിൽ വീണ്ടും ഹിതപരിശോധന നടത്തുമെന്നുള്ള അഴകൊഴമ്പൻ പ്രസ്താവനയാണ് തിരഞ്ഞെടുപ്പ് വേളയിൽ ലേബർപാർട്ടി നേതാവായ കോർബിൻ നടത്തിയത്. സാമ്പത്തികമായി ഉന്നതശ്രേണിയിലുള്ളവർക്ക് നികുതി വർദ്ധന, റെയിൽവേ ദേശസാത്കരണം, പൊതുസർവീസുകൾക്കും പദ്ധതികൾക്കും കൂടുതൽ ബഡ്ജറ്റ് വിഹിതം തുടങ്ങിയ സോഷ്യലിസ്റ്ര് ആശയങ്ങളുമായാണ് കോർബിൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാലസ്തീനു വേണ്ടിയും ശ്രീലങ്കൻ തമിഴ്വംശജർക്ക് വേണ്ടിയും വാദിക്കുന്ന കോർബിൻ, കാശ്മീർ പ്രശ്നത്തിൽ മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ ഇന്ത്യൻ വംശജരായ വോട്ടർമാരിൽ ഭൂരിപക്ഷവും കോർബിന് എതിരായി മാറി.
കോർബിന്റെ നിലപാടുകളോട് ഒട്ടും അനുഭാവം പുലർത്താത്ത ബ്രിട്ടീഷ് വോട്ടർമാർ, ജോൺസണ് ശക്തമായ പിന്തുണയാണ് ഈ തിരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നത്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരു സർക്കാരിനും , നേതാവിനും നൽകാത്ത ഭൂരിപക്ഷമാണ് ബ്രിട്ടീഷ് വോട്ടർമാർ ജോൺസണ് നൽകിയിരിക്കുന്നത്. 650 അംഗ പാർലമെന്റിൽ 364 അംഗങ്ങളെയാണ് കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചിട്ടുള്ളത്. ഇതിന് മുൻപ് ഏറ്റവും കൂടുതൽ സീറ്റുകൾ ഏതെങ്കിലും ഭരണകക്ഷിക്ക് ലഭിച്ചത് 1987 ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് 397 സീറ്രാണ് ഉരുക്കുവനിത എന്ന് അറിയപ്പെട്ട മാർഗരറ്ര് താച്ചറുടെ നേതൃത്വത്തിലുണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചത്.
ലേബർ പാർട്ടിയുടെ പരമ്പരാഗത സീറ്റുകൾ പലതും അവർക്ക് ഈ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടു. 2017 ൽ ലഭിച്ചതിനേക്കാൾ എട്ടുശതമാനം വോട്ടാണ് അവർക്ക് നഷ്ടപ്പെട്ടത്. സീറ്റുകളുടെ എണ്ണം 203 ആയി കുറയുകയും ചെയ്തു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 43.6 ശതമാനം വോട്ട് ലഭിച്ചു.
തിരഞ്ഞെടുപ്പ് ഫലം തന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്നും എത്രയും വേഗം ബ്രക്സിറ്റ് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ജോൺസൺ പ്രഖ്യാപിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പിന് ശേഷം മറ്റൊരു പ്രധാന ബുദ്ധിമുട്ട് ജോൺസണ് നേരിടേണ്ടി വരും എന്ന സൂചനയാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് ( എസ്.എൻ.പി ) ലഭിച്ച സീറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ബ്രക്സിറ്റിനോട് എതിർപ്പുള്ള എസ്.എൻ.പിക്ക് 48 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ബ്രിട്ടീഷ് യൂണിയനിൽ നിന്നും സ്കോട്്ലന്റിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന എസ്.എൻ.പിക്ക് സ്കോട്ലന്റിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായി. ബ്രക്സിറ്റുമായി മുന്നോട്ടു പോകുമ്പോൾ ജോൺസൺ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എസ്.എൻ.പിയുടെ നിലപാടുകളായിരിക്കും. എസ്.എൻ.പിയെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാണ് ബ്രിട്ടന്റെയും ബ്രക്സിറ്റിന്റെയും ഭാവി.
( ലേഖകന്റെ ഫോൺ : 9847173177)