highcourt

കൊച്ചി: പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഴി അടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാവില്ലെന്നും കോടതി വ്യക്തമാക്കി.

ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ച് പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാവില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായി. മാത്രമല്ല യുവാവിന്റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം,​ സംഭവത്തിൽ നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.എൻ. സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.പി. സൈനബ, അസിസ്റ്റന്റ് എൻജിനീയർ പി.കെ. ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.