കൊച്ചി: ലൊക്കേഷനുകളിൽ വൻതോതിൽ ലഹരി ഉപയോഗമുണ്ടെന്ന സിനിമാനിർമാതാക്കളുടെ സംഘടനയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ലൊക്കേഷനുകളിൽ ലഹരി പരിശോധന ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്നാൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ തന്നെ അവ ഏതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും എക്‌സൈസ് അഡീഷണൽ കമ്മീഷണർ സാം ക്രിസ്റ്റി അറിയിച്ചു. പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. പരിശോധന ആവശ്യപ്പെട്ട് നിർമാതാക്കൾ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ എന്നായിരുന്നു അഡീഷണൽ കമ്മീഷണറുടെ മറുപടി.
ഷെയ്‌ൻ നിഗം വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മലയാള സിനിമാലൊക്കേഷനുകളിൽ വൻതോതിൽ ലഹരി ഉപയോഗമുണ്ടെന്ന് സിനിമാനിർമാതാക്കളുടെ സംഘടന ആരോപിച്ചത്. ലൊക്കേഷനുകളിൽ സൂക്ഷ്‌മപരിശോധന വേണമെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.