പലഭാവത്തിലും രൂപത്തിലുമാണ് ഹൈന്ദവ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ പ്രതിഷ്‌ഠിക്കപ്പെടുക. ചിലതിലൊക്കെ അത്ഭുതകരമായ പരിണാമങ്ങളും സംഭവിക്കുന്നത് ഭക്തർക്ക് അനുഭവവേദ്യമാകാറുണ്ട്. അതുപോലെ ഒന്നു തന്നെയാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ചിക്കൽ ക്ഷേത്രത്തിലെ മുരുകന്റെ വിഗ്രഹം. ശിങ്കാരവേല ഭാവത്തിലാണ് ഇവിടെ മുരുകനെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. വർത്തിലൊരിക്കൽ മനുഷ്യ ശരീരത്തിന് സമാനമായി വിഗ്രഹം വിയർത്തൊലിക്കും എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും അത്ഭുതവും. എത്ര തുടച്ചാലും വിയർപ്പ് നിലയ്‌ക്കാതെ മുത്തുതുള്ളികൾ പോലെയാണ് വിയർപ്പുകണികകൾ വിഗ്രഹത്തിൽ പ്രത്യക്ഷപ്പെടുക.
ഐതീഹ്യം
തിരുച്ചെന്തൂരിലേക്ക് ശൂരസംഹാരത്തിനായി പുറപ്പെടുന്ന വേളയിൽ നൽകിയ വേലിൽ മുരുകന് അമ്മ പാർവതി തന്റെ ശക്തി മുഴുവൻ ആവാഹിച്ച് നൽകിയത്രേ. ആ ശക്തിയുടെ ഉഷ്‌ണം താങ്ങാൻ കഴിയാതെ മുരുകൻ വിയർത്തൊഴുകിയെന്നും, അതാണ് ചിക്കൽ ക്ഷേത്രത്തിലെ ശിങ്കാരവേല വിഗ്രഹത്തിൽ പ്രവർത്തിക്കുന്നതെന്നുമാണ് ഐതീഹ്യം.