national-school-athletics
national school athletics meet

ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്രിക് മീറ്രിൽ കേരളത്തിന് ഇന്നലെ ആകാശ് എം. വർഗീസിന്റെ സ്വർണം മാത്രം

സംഗ്രൂർ: മഴയും മഞ്ഞും മത്സരിച്ച് പെയ്തിറങ്ങിയ വാർ ഹീറോ സ്റ്രേഡിയത്തിൽ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക് മീറ്രിന്റെ മൂന്നാം ദിനം കേരളത്തിന് അഭിമാനിക്കാൻ ആകാശ് എം. വർഗീസിന്റെ സ്വർണം മാത്രം. ഇന്നലത്തെ അവസാന ഇനംവരെ കാത്തിരുന്നപ്പോഴാണ് മെഡൽപ്പട്ടികയിൽ അനക്കമുണ്ടായത്. ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ 15.45 മീറ്രർ ചാടിയാണ് ആകാശ് സുവർണ താരമായത്. മീറ്റിലെ കേരളത്തിന്റെ രണ്ടാം സ്വർണമാണിത്. ഇന്നലെ നടന്ന മറ്റ് അഞ്ച് ഫൈനലുകളിൽ കേരളത്തിന് ഒരു മെഡലും കിട്ടിയില്ല.

മൂന്ന് ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ സീനിയർ വിഭാഗത്തിൽ 45 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. 49 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റ് തന്നെയുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. ഓവറാൾ പോയിന്റ് നിലയിലും കേരളം മൂന്നാം സ്ഥാനത്താണ്.

രണ്ട് റെക്കാഡുകളാണ് ഇന്നലെ കുറിക്കപ്പെട്ടത്. ആൺകുട്ടികളുടെ ഹാമർ ത്രോയിൽ വിദ്യാഭാരതിയിലെ അഫ്സർ അഹമ്മദും (71.29 മീറ്രർ)​,​ പെൺകുട്ടികളുടെ 1500 മീറ്ററിൽ ഡൽഹിയുടെ കെ.എം. ചന്ദയുമാണ് (4 മിനിട്ട് 26.85 സെക്കൻഡ്)​ ഇന്നലെ പുതിയ റെക്കാഡുകൾ സ്ഥാപിച്ചത്. 2016ൽ കേരളത്തിന്റെ അബിത മേരി മാനുവൽ സ്ഥാപിച്ച 4 മിനിട്ട് 42.47 സെക്കൻഡിന്റെ റെക്കാഡാണ് ചന്ദ തിരുത്തിയത്.

തന്റെ പ്രായമുള്ള റെക്കാഡിനും മേലെ

പറന്ന് ആൻസി ഫൈനലിൽ

പെൺകുട്ടികളുടെ ലോംഗ് ജമ്പിന്റെ യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ മിന്നും താരം ആൻസി സോജൻ പതിനെട്ട് വർഷം പഴക്കമുള്ള ദേശീയ റെക്കാഡിനെ മറികടക്കുന്ന പ്രകടനത്തോടെ ഫൈനലിലെത്തി. 6.08 മീറ്രറാണ് യോഗ്യത റൗണ്ടിൽ ആൻസി ചാടിയ ദൂരം. 2001ൽ മഹാരാഷ്ട്രയുടെ രുത പത്കർ സ്ഥാപിച്ച 6.05 മീറ്രറാണ് നിലവിലെ റെക്കാഡ്. നേരത്തേ സംസ്ഥാന മീറ്രിലും ദേശീയ റെക്കാഡിനെ മറികടക്കുന്ന പ്രകടനമാണ് ആൻസി (6.24 മീറ്രർ)​ പുറത്തെടുത്തത്. മറ്രൊരു കേരള താരം പി.എസ്. പ്രഭാവതിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 100 മീറ്രറിൽ ഒന്നാമതെത്തി മീറ്രിൽ കേരളത്തിന്റെ ആദ്യ സ്വർണത്തിന് അവകാശിയായ ആൻസി 200 മീറ്രറിലും ഫൈനലിലെത്തിയിട്ടുണ്ട്. ആൻസിയുടെ ലോംഗ്ജമ്പ്,​ 200 മീറ്രർ ഫൈനലുകൾ ഇന്ന് നടക്കും.

കനത്ത മഴയിൽ

ട്രാക്കിൽ നീന്തി താരങ്ങൾ

കനത്ത മഴയും കൊടും തണുപ്പും കാരണം ഇന്നലെ ഏറെ വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്. ട്രാക്കിൽ പലയിടത്തും വെള്ളം കെട്ടിക്കിടന്നത് താരങ്ങളുടെ പ്രകടനങ്ങളെ പ്രതികൂലമായി ബാധിച്ചു. 9 ഡിഗ്രി സെൽഷ്യസ് വരെ ഇവിടത്തെ താപനില താണു. സൂര്യനിന്നലെയും മേഘങ്ങൾക്കിടയിൽ തന്നെയായിരുന്നു. വാം അപ് ഏരിയ വെള്ളത്തിനടിയിലായതിനാൽ സ്റ്രേഡിയത്തിനകത്ത് ബാത്ത് റൂമിലേക്ക് പോകുന്ന ചെറിയ ഇടനാഴിയിലാണ് താരങ്ങൾ വാം അപ് നടത്തിയത്. 1500 മീറ്രർ ഉൾപ്പെടെയുള്ള മത്സരങ്ങൾ മഴയത്താണ് നടത്തിയത്. താരങ്ങൾ പലരും ശ്വാസം കിട്ടാതെയും പേശിവലിവ് മൂലവും വലഞ്ഞു. ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ റണ്ണിംഗ് ട്രാക്കിൽ കെട്ടിക്കിടന്ന വെള്ളത്തിൽ തെന്നി വീണ് പരിക്കേറ്ര് ഡൽഹിയുടെ പങ്കജ് കുമാറിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ജാവലിൻ ത്രോയ്ക്കിറങ്ങിയ താരങ്ങൾ കൈ മരവിച്ചിരിക്കുന്നതിനാൽ ജാവലിൻ ശരിക്ക് പിടിക്കാനാകാതെ പാടുപെട്ടു. ടീമിനൊപ്പമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ കർപ്പൂരാദി തൈലവും മുറിവെണ്ണയും കൂട്ടിയുള്ള പ്രത്യേക മസാജിലൂടെ ശരീരം ചൂടാക്കിയ ശേഷമാണ് കേരള താരങ്ങൾ മത്സരത്തിനിറങ്ങിയത്.

പതിനഞ്ച് ഫൈനലുകൾ

ഇന്നലെ മഴമൂലം ഇന്നത്തേക്ക് മാറ്രിവച്ച പെൺകുട്ടികളുടെ പോൾവോൾട്ട് ഉൾപ്പെടെ ഇന്ന് 15 ഫൈനലുകൾ നടക്കും.