തിരുവനന്തപുരം ∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർക്കുന്നു. ഡിസംബർ 16ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കും. മന്ത്രിമാരും എൽ.ഡി.എപ് യു.ഡിഎഫ് നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുക്കും.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സത്യാഗ്രഹം. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖർ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. നവോത്ഥാന സമിതിയുടെ പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരപരിപാടി തീരുമാനിച്ചത്. പ്രക്ഷോഭത്തോടും അതുയർത്തുന്ന മുദ്രാവാക്യത്തോടും മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.