amitsha-

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അതിരൂക്ഷമായ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ, അരുണാചൽപ്രദേശ് സന്ദർശനങ്ങൾ റദ്ദാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലും സന്ദർശനം നടത്താനായിരുന്നു തീരുമാനം.
ഷില്ലോംഗിൽ നോർത്ത് ഈസ്റ്റേൺ പൊലീസ് അക്കാഡമിയുടെ പാസിംഗ് ഔട്ട് പരേഡിലും തവാങ്ങിലെ പ്രാദേശിക ഉത്സവത്തിലും അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അസാമിലെ പ്രക്ഷോഭത്തിനിടെ പൊലീസിന്റെ വെടിയേറ്റ് മൂന്നു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം അതിശക്തമായിരിക്കുകയാണ്.
അസാമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലുമെല്ലാം ജനരോഷം തെരുവുയുദ്ധത്തിന് സമാനമായിരിക്കയാണ്. ഗുവാഹത്തിയിലെ ചാന്ദ്മാരിയിൽ എ.എ.എസ്.യു (ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയൻ) ആഹ്വാനം ചെയ്ത 10 മണിക്കൂർ നിരാഹാരസമരത്തിൽ നിരവധിപ്പേർ പങ്കെടുത്തു. ദിബ്രുഗഡിൽ അഞ്ച് മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം തുടരുമെന്നും യാതൊരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും എ.എ.എസ്.യു നേതാവ് സമുജ്ജൽ ഭട്ടാചാര്യ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അസാമിലേക്ക് 2000 കമ്പനി സി.ആർ.പി.എഫ് ജവാന്മാരെക്കൂടി നിയോഗിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മേഘാലയയിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു.