കൊച്ചി: രാജ്യമെമ്പാടും കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായി വരികയാണ്. പൊതുമേഖയിൽ ഉൾപ്പെട്ടിരുന്ന നിരവധി സ്ഥാപനങ്ങളാണ് നരേന്ദ്രമോദി സർക്കാർ വിറ്റഴിക്കുന്നത്. ഇതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മഹാരാജാസ് ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ. 'തോറ്റക്കം' എന്ന പേരിൽ യൂണിയൻ നടത്തുന്ന ആർട്സ് ഫെസ്റ്റാണ് വ്യത്യസ്തമാകുന്നത്.
കേന്ദ്ര സർക്കാർ വിറ്റഴിക്കുന്ന ശ്രമിക്കുന്ന ബി.പി.സി.എൽ, എയർ ഇന്ത്യ, ഇന്ത്യൻ റെയിൽവേ, കൊച്ചിൻ ഷിപ്പ് യാർഡ്, ബി.എസ്.എൻ.എൽ തുടങ്ങിയ പേരുകളാണ് പരിപാടിയുടെ അഞ്ച് വേദികൾക്ക് നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനവേദിയുടെ പേര് ബി.പി.സി.എല്ലാണ്. മാത്രമല്ല, മരണവീട്ടിൽ പാടുന്ന പാട്ട് എന്ന് അർത്ഥം വരുന്ന 'തോറ്റക്കം' ആണ് ഈ വർഷത്തെ കോളേജ് ഫെസ്റ്റിന്റെ പേര്. മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് മഹാരാജാസിന്റെ തോറ്റക്കം എന്ന തരത്തിലാണ് ഈ പേരിട്ടതെന്ന് കോളേജ് യൂണിയൻ ചെയർപേഴ്സൺ ദിവ്യ പറഞ്ഞു.
ആർട്സ് ഫെസ്റ്റിന് ഒരു വിഷയം തിരഞ്ഞെടുക്കും. രാഷ്ട്രീയ നിലപാട് പറയുവനാണ് ഈയൊരു സ്പേസ് കണ്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ആട്സ് ഫെസ്റ്റിന്റെ പേര് കിത്താബ് എന്നായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാൻ പറ്റാതെപോയ നാടകത്തിന്റെ പേരായിരുന്നു ഇത്. ഇത്തവണ പൗരത്വ ബിൽ, കാശ്മീർ വിഷയം സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നു. സ്വകാര്യവത്കരണം വിഷയമായെടുക്കുകയും വേദികൾക്ക് ഇത്തരം പേരിടുന്നതിലേക്ക് കൂട്ടായ തീരുമാനത്തിലൂടെയാണ് എത്തിയത്. ആദർശ് എം.എസാണ് തോറ്റക്കം എന്ന പേര് നിർദേശിച്ചത്- ദിവ്യ കേരളകൗമുദി ഓൺലൈനിലോട് പറഞ്ഞു.
ഡിസംബർ 11,12, 13 തിയ്യതികളിലാണ് കോളേജ് ഫെസ്റ്റ് നടത്തിയത്. സമാപന സമ്മേളനത്തിൽ അതിഥിയായി എത്തിയത് രാജേഷ് ശർമ്മയാണ്. മഹാരാജാസ് കോളേജ് യൂണിയൻ ഭാരവാഹികൾ: ദിവ്യ വി.ജി ( ചെയർ പേഴ്സൺ), ലക്ഷ്മി (വൈസ് ചെയർമാൻ, ദേവരാജ് സുബ്രമഹ്ണ്യം ( ജനറൽ സെക്രട്ടറി), സബിൻ ദാസ്, അരുഝതി ഗിരി (യു.യു.സി).