ട്രിപ്പിൾ ജമ്പ് മത്സരത്തിനിടെ 4-100 മീറ്രർ റിലേയുടെ ഹീറ്റ്സിൽ ഓടാൻ പോയി തണുപ്പിൽ ശ്വാസം കിട്ടാതെ തലകറക്കമുണ്ടായി ചികിത്സ തേടേണ്ടി വന്നെങ്കിലും അതൊന്നും ആകാശ് എം. വർഗീസിന്റെ പോരാട്ട വീര്യത്തെ തളർത്തിയില്ല. അല്പ നേരത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തി ആകാശ് സ്വർണത്തിലേക്ക് ചാടിയെത്തുകയായിരുന്നു. തന്റെ അവസാന ശ്രമത്തിലാണ് ആകാശ് 15.45 മീറ്രർ താണ്ടിയത്.

കാലാവസ്ഥ പ്രതികൂലമായതിനാൽ സംസ്ഥാനത്ത് കുറിച്ച 15.72 മീറ്ററിനൊപ്പമെത്തുന്ന പ്രകടനം പുറത്തെടുക്കാൻ ആകാശിനായില്ല. ജൂനിയർ തലത്തിൽ ദേശീയ സ്കൂൾ അത്‌ലറ്രിക് മീറ്രിൽ രണ്ട് തവണ ആകാശ് സ്വർണം നേടിയിട്ടുണ്ട്. തിരുവനന്തപുരം സായ്‌യിലെ താരമായ ആകാശ് ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. എം.എ. ജോർജാണ് പരിശീലകൻ. ചങ്ങനാശ്ശേരി വാകത്താനം മലയിൽ വീട്ടിൽ വർഗ്ഗീസിന്റെയും സുരേഖയുടെയും മകനാണ്. തമിഴ്നാടിന്റെ മുത്തു ജനിതരൻ വെള്ളിയും (15.30 മീറ്രർ)​,​ കർണ്ണാടകയുടെ അഖിലേഷ് (14.76 മീറ്രർ)​ വെങ്കലവും നേടി. മറ്രൊരു മലയാളി താരം സി.ഡി അഖിൽ കുമാർ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു (14.72 മീറ്രർ)​.