ന്യൂഡൽഹി: ഉപഭോക്തൃ വിപണിക്ക് കരുത്തേകി, സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാൻ ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ ഫലം കണ്ടുതുടങ്ങിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ, മുഖ്യ സാമ്പത്തിക ഉപദേശകൻ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. ആറരവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ ജി.ഡി.പി വളർച്ചയെ നേട്ടത്തിലേറ്റാൻ മന്ത്രാലയം സ്വീകരിച്ച നടപടികൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു ഇരുവരും.
ഇന്ത്യയെ 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പിന്തുണയേകാനും സ്വീകരിച്ച നടപടികളും സുബ്രഹ്‌മണ്യൻ വിശദീകരിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമെന്ന് തോന്നുന്ന വേളകളിൽ കൂടുതൽ ഉത്തേജക പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി കുടിശിക ഉടൻ വീട്ടുമെന്ന് പറഞ്ഞ ധനമന്ത്രി, അതെപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയില്ല. ജി.എസ്.ടി നിരക്കുകൾ ഉയർത്തുമോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തന്റെ ഓഫീസ് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് നിർമ്മല പറഞ്ഞു. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം വിളവ് നശിച്ചതാണ് ഉള്ളി വില പരിധിവിട്ടുയരാൻ കാരണം. വില കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉത്തേജകവും നേട്ടവും
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻ.ബി.എഫ്.സി) ഭവന വായ്‌പാ കമ്പനികൾക്കും (എച്ച്.എഫ്.സി) മൂലധനം ഉറപ്പാക്കാൻ 4.47 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ഇതിൽ 17 പ്രൊപ്പോസലുകളിലായി 7,000 കോടി രൂപ ഇതിനകം അനുവദിച്ചു. 20,000 കോടി രൂപയുടെ അനുമതി രണ്ടാഴ്‌ചയ്ക്കകം നൽകും.
കോർപ്പറേറ്ര് നികുതി 35 ശതമാനത്തിൽ നിന്ന് 25 ശതമാനമായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചു.
എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർച്ച് പ്രകാരം വായ്‌പാപലിശ നിർണയിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം നടപ്പായശേഷം ബാങ്കുകൾ നവംബർ 27 വരെയുള്ള കണക്കുപ്രകാരം എട്ട് ലക്ഷം വായ്‌പകൾ (മൂല്യം 72,201 കോടി രൂപ) വിതരണം ചെയ്‌തു.
32 പോതുമേഖലാ സ്ഥാപനങ്ങൾക്ക് 98,000 കോടി രൂപയും റെയിൽ, റോഡ് മന്ത്രാലയങ്ങൾക്ക് 2.46 ലക്ഷം കോടി രൂപയും അനുവദിച്ചു.
പൊതുമേഖലാ ബാങ്കുകൾക്ക് 60,314 കോടി രൂപയുടെ മൂലധനസഹായം നൽകി. ഈ ബാങ്കുകൾ വിതരണം ചെയ്‌തത് 2.2 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്ര് വായ‌്പകളും 72,985 കോടി രൂപയുടെ എം.എസ്.എം.ഇ വായ്‌പകളും.
നിർമ്മാണം പാതിവഴിയിൽ നിലച്ച റിയൽ എസ്‌റ്രേറ്ര് പദ്ധതികൾക്ക് ഉണർവേകാൻ 25,000 കോടി രൂപയുടെ ലാസ്‌റ്റ് മൈൽ ഫണ്ടിംഗ്.
നികുതി റീഫണ്ടായി നടപ്പുവർഷം ഏപ്രിൽ-നവംബറിൽ നൽകിയത് 1.57 ലക്ഷം കോടി രൂപ. 27 ശതമാനമാണ് വർദ്ധന. ഇത് ഉപഭോക്തൃ വിപണിക്ക് കരുത്തേകുന്ന നടപടിയാണ്. കഴിഞ്ഞവർഷത്തെ സമാനകാലയളവിൽ റീഫണ്ട് 1.23 ലക്ഷം കോടി രൂപയാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രിൽ-നവംബറിൽ 3,500 കോടി ഡോളർ കവിഞ്ഞു. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 3,100 കോടി ഡോളറായിരുന്നു.
''ജി.എസ്.ടി നിരക്കുകൾ ഉയർത്തുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. നിരക്കുയർത്തുമെന്ന് സംബന്ധിച്ച് ഇപ്പോൾ കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണ്"",
നിർമ്മല സീതാരാമൻ,
ധനമന്ത്രി