railway-

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പശ്ചിമ ബംഗാളിൽ അക്രമാസക്തമാകുന്നു. മുർഷിദാബാദ് ജില്ലയിൽ റെയിൽവേ സ്റ്റേഷൻ കോംപ്ലക്‌സ് പ്രതിഷധക്കാർ തീയിട്ടു. ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ ബെൽദാങ്ക റെയില്‍വേ സ്റ്റേഷൻ കോംപ്ലക്‌സിൽ ആർ.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.

റെയിൽസ്റ്റേഷനിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ സ്‌റ്റേഷൻ കോംപ്ലക്‌സ് തീയിടുകയായിരുന്നു. റെയിൽവേസ്റ്റേഷൻ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന രണ്ടുമൂന്ന് കെട്ടിടങ്ങൾക്കും റെയിൽവേ ഓഫീസിനുമാണ് പ്രതിഷേധക്കാർ തീകൊളുത്തിയതെന്ന് റെയിൽവേ സുരക്ഷാ സേന പറയുന്നു. ഇത് തടയാന്‍ ശ്രമിച്ച റെയിൽവേ പൊലീസുകാരെ ക്രൂരമായി മർദിച്ചതായും സുരക്ഷാ സേന വ്യക്തമാക്കി.

മുർഷിദാബാദിൽ ട്രെയിൻ സർവീസുകള്‍ തടഞ്ഞത് ജനജീവിതം സ്തംഭിപ്പിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധക്കാർ അക്രമാസക്തരായി. ഹൗറ ജില്ലയിലെ ഉലുബേരിയ റെയിൽവേ സ്റ്റേഷനിൽ ട്രാക്കുകൾ തടഞ്ഞു.റെയിൽവേ കോംപ്ലക്‌സിനും ട്രെയിനുകൾക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.