മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹർത്താലിൽ സഹകരിക്കില്ലെന്ന് ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്.വൈ.എസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താൽ ആരാണ് പ്രഖ്യാപിച്ചതെന്ന് അറിയില്ല. പേരില്ലാത്തെ ഹർത്താലിനെ നാടിനെ കുഴപ്പത്തിലാക്കുമെന്നും കാന്തപുരം പറഞ്ഞു. ഈ മാസം 17ാം തീയതിയാണ് ഹർത്താലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് പൗരത്വ ഭേദഗതി നിയമം എതിരാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. അതിനാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നല്‍കേണ്ടത്. ജനാധിപത്യത്തില്‍നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ നാം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ രാജ്യത്തോട് മുസ്ലിങ്ങൾ മോശമായി എന്താണ് ചെയ്തതെന്ന് കാന്തപുരം ചോദിച്ചു. മുസ്ലീങ്ങൾ സ്വാതന്ത്ര്യ സമര കാലത്ത് ചെയ്ത ത്യാഗം ചരിത്രത്തിൽ നിന്ന് മായ്ക്കാനാവുമോ? രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടു. പ്രതികൾ മുസ്ലീങ്ങളായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയോദ്ധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു. രാജ്യത്തിന്റെ കടമ നിർവ്വഹിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ. അല്ലാതെ നമ്മളെ ആരെങ്കിലും ജയിലിലടക്കും എന്ന് കരുതിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.