കൊച്ചി: വീട്ടിലെ ടൈൽ പാകുമ്പോൾ അവ നമ്മുടെ ഇഷ്ടം അനുസരിച്ച് ചെയ്താലോ. ഫ്രീ ഹാൻഡ് മൊഹൈൽ ആപ്പാണ് ടൈലുകൾ സ്വന്തമായി ഡിസൈൻ ചെയ്യാൻ അവസരമൊരുക്കുന്നത്. കൊച്ചിയിൽ നടന്ന ഡിസൈൻ വീക്കിലാണ് ആപ്പ് അവതരിപ്പിച്ചത്.
ഡിസൈനർ ടൈലുകളുടെ ക്രമീകരണം ലക്ഷ്യമാക്കി ഉപഭോക്താവിന് നൽകുന്നതാണ് ‘ഫ്രീ ഹാൻഡ്’ ആപ്പ്. ഡിസൈൻ വീക്കിന്റെ ഓപ്പൺഹൗസ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനക്കളരിയിൽ പ്രശസ്ത ആർക്കിടെക്റ്റ് ദമ്പതികളായ ലിജോ ജോസും റെനി ലിജോയും ടൈലുകൾ ഒരുക്കി.
ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്ന മാതൃകയിലാണു രണ്ടു നിറങ്ങളിൽ ടൈലുകള്‍ ഡിസൈന്‍ ചെയ്തത്.
മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവിധ രീതിയിൽ ക്രമീകരിച്ച് ഉപഭോക്താവിന് ഇഷ്ടമുള്ള ഡിസൈൻ ചെയ്യാം. ഡിസൈൻ തന്നെ പരസഹായം കൂടാതെ ക്രമീകരിക്കാമെന്നതാണ് ആപ്പിന്റെ മേന്മയെന്നും ലിജോ പറഞ്ഞു.
ടൈലുകളിൽ നൽകുന്ന ഡിസൈൻ മികച്ച രീതിയിൽ ക്രമീകരിക്കാനുള്ള അവസരം ഉപഭോക്താവിനു നല്‍കുകയാണു നിറ്റ്‌കോ ചെയ്തതെന്നു ഡിസൈൻ വിഭാഗം വൈസ് പ്രസിഡന്റ് സുബ്രത ബസു ചൂണ്ടിക്കാട്ടി. ‘ഫ്രീ ഹാൻഡ്’ എന്ന ആപ്പ് ഇതിന്റെ ഭാഗമാണ്. രൂപകല്പനയിലെ ഏറ്റവും വലിയ ഈ മേളയെ കൂടുതൽ ജനകീയമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രൂപകല്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ് -ഐടി വകുപ്പ് കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ഒരുക്കിയത്. ഡിസൈനുമായി ബന്ധപ്പെട്ട മേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ദ്ധർ ഉൾപ്പെടെ മൂവായിരത്തിലേറെ പേരാണ് പങ്കെടുക്കുന്നത്. ഉച്ചകോടി ശനിയാഴ്ച സമാപിക്കും.