തിരുവനന്തപുരം: പഴുതുകൾ നിറഞ്ഞതാണ് നമ്മുടെ വിമാനത്താവളത്തിലെ സുരക്ഷയെന്ന് ആഭ്യന്തര കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ. വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ സംഘമില്ല, അത്യാവശ്യ ഉപകരണങ്ങളുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫിനും അത്യാവശ്യ ഉപകരണങ്ങളില്ല-റിപ്പോർട്ടിൽ പറയുന്നു. ആവശ്യമുള്ള ഉപകരണങ്ങൾ പോലും സുരക്ഷാചുമതല വഹിക്കുന്ന സി.ഐ.എസ്.എഫിന് വിമാനത്താവള അതോറിട്ടി വാങ്ങിനൽകുന്നില്ലെന്നും വിമാനത്താവള സുരക്ഷ അപകടത്തിലാണെന്നുമുള്ള 'കേരളകൗമുദി' വാർത്ത ശരിവയ്ക്കുന്നതാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. യാത്രക്കാരുടെ ലഗേജുകളിലോ വിമാനത്താവള പരിസരത്തോ ബോംബുണ്ടെന്ന് സംശയമുണ്ടായാൽ പുറമേ നിന്ന് പൊലീസിന്റെ ബോംബ് സ്ക്വാഡിനെ വിളിക്കണം.
ഇത് ബോംബ് നിർവീര്യമാക്കൽ വൈകിപ്പിക്കും. എക്സ്പ്ലോസീവ് വേപ്പർ ഡിറ്റക്ടർ, ബോംബ് ഡിസ്പോസൽ സ്യൂട്ടുകൾ, റിമോട്ട് ഓപ്പറേറ്റഡ് വാഹനങ്ങൾ എന്നിവയില്ലാതെ വിമാനത്താവളങ്ങളിലെ ബോംബ് സ്ക്വാഡിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവില്ല. സെർച്ച്, ഡിറ്റക്ഷൻ, ഡിസ്പോസൽ, പ്രൊട്ടക്ഷൻ, ട്രാൻസ്പോർട്ടേഷൻ യൂണിറ്റുകളിലായാണ് 28 ഉപകരണങ്ങൾ വേണ്ടത്. നോൺലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ, ബോംബ്സ്യൂട്ട്, ലിക്വിഡ് എക്സ്പ്ലോസീവ് ഡിറ്റക്ടർ, ടെലിസ്കോപിക് മാനിപുലേറ്റർ, റിമോട്ട് നിയന്ത്രിത വാഹനം, സെൽഫോൺ ജാമർ, ഫ്രീക്വൻസി ജാമർസെറ്റ്, മൊബൈൽ ത്രെട്ട് കണ്ടെയ്ൻമെന്റ് വെസൽ, ലഗേജ് കണ്ടെയ്ൻമെന്റ് വെസൽ, ത്രെട്ട് കണ്ടെയ്ൻമെന്റ് വെസൽ എന്നിവയ്ക്ക് 25കോടിയിലേറെ വിലവരും. തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് കണ്ടെത്താനും നിർവീര്യമാക്കുന്നതിനും സുരക്ഷ പരശോധനകൾക്കുമായുള്ള നാല് സുപ്രധാന ഉപകരണങ്ങളില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.
നിത്യേന നൂറിലേറെ വിമാനങ്ങളിലായി പതിനായിരത്തിലേറെ യാത്രക്കാരെത്തുന്ന തിരുവനന്തപുരത്ത് ലോഹ സാന്നിദ്ധ്യമില്ലാത്തതും ദ്രവ രൂപത്തിലുള്ളതുമായ സ്ഫോടകവസ്തുക്കളും റേഡിയോ ആക്ടീവ് പദാർത്ഥങ്ങളും മാരകമായ രാസവസ്തുക്കളും കൈകാര്യം ചെയ്യാൻ വേണ്ടത്ര സംവിധാനമില്ല. തിരുവനന്തപുരത്ത് സി.ഐ.എസ്.എഫാണ് ബാഗേജുകൾ സ്കാൻ ചെയ്യുന്നത്. ബോംബ്, കത്തി, നിരോധിത വസ്തുക്കൾ എന്നിവ കണ്ടെത്താൻ സി.ഐ.എസ്.എഫിന് പ്രത്യേക സോഫ്ട്വെയറുണ്ട്. കൂടുതൽ ശ്രദ്ധ ലഭിക്കാനായി ഓരോ മണിക്കൂറിലും സ്കാനറിൽ നിരീക്ഷണം നടത്തുന്ന ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരിക്കും. റിമോട്ട് നിയന്ത്രിത റോബോട്ട് ഉപയോഗിച്ചാണ് ബോംബും രാസവസ്തുക്കളും കൈകാര്യം ചെയ്യേണ്ടത്. 13കോടി വിലയുള്ള റോബോട്ട് കാനഡയിൽ നിന്നാണ് വാങ്ങേണ്ടത്. എട്ട് കിലോഗ്രാം വരെ സ്ഫോടകവസ്തു നിർവീര്യമാക്കാനാവുന്നതാണ് നെടുമ്പാശേരിയിലെ റോബോട്ട്. റേഡിയോആക്ടീവ് പദാർത്ഥങ്ങൾ, രാസവസ്തുക്കൾ എന്നിവയും കൈകാര്യം ചെയ്യാനാവും. എട്ട് കാമറകൾ, എക്സ്റേ യൂണിറ്റ് വഴിയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നത്.
സുരക്ഷ ഇങ്ങനെ
l കാണ്ടഹാർ വിമാനറാഞ്ചലിനെത്തുടർന്നാണ് വിമാനത്താവളത്തിന്റെ സുരക്ഷാചുമതല പൊലീസിൽ നിന്നുമാറ്റി സി.ഐ.എസ്.എഫിനെ ഏല്പിച്ചത്.
l കമാൻഡന്റിന്റെ നേതൃത്വത്തിൽ 498 സി.ഐ.എസ്.എഫ് ഭടന്മാരാണ് തിരുവനന്തപുരത്ത് സുരക്ഷയൊരുക്കുന്നത്.
l വിമാനറാഞ്ചൽ തടയാനുള്ള ആന്റി ഹൈജാക്കിംഗ് സ്ക്വാഡ്, സെക്യൂരിറ്റിചെക്കിംഗ്, ഏരിയാ ഇൻസ്പെക്ഷൻ, ഏരിയാ ഗാർഡ്, ഓപ്പറേഷൻ ഏരിയാഗാർഡ്, സി.സി.ടി.വി മോണിട്ടറിംഗ്, എക്സ്റേ പരിശോധന എന്നിങ്ങനെ പ്രവർത്തനങ്ങളുണ്ട്.
l സി.ഐ.എസ്.എഫ് ഭടന്മാരുടെ ശമ്പളം, മെഡിക്കൽ ആനുകൂല്യം, ഇൻഷ്വറൻസ് എന്നിവയെല്ലാം വിമാനത്താവളഅതോറിട്ടിയാണ് നൽകുന്നത്.
l എല്ലാമാസവും അവസാന വെള്ളിയാഴ്ച ചേരുന്ന എയർപോർട്ട് സെക്യൂരിറ്റി കമ്മിറ്റിയോഗത്തിൽ സുരക്ഷ അവലോകനം ചെയ്യും.
300 കോടി
തിരുവനന്തപുരത്തടക്കം സുരക്ഷയൊരുക്കാൻ നൽകണമെന്ന് സെക്രട്ടറിതല സമിതിയുടെ ശുപാർശ
ജാഗ്രതൈ...!
തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം. മാലിദ്വീപിലേക്ക് മുക്കാൽ മണിക്കൂർ പറന്നാൽ മതി. അതിനാലാണ് പഴുതടച്ച സുരക്ഷ വേണ്ടത്