തിരുവനന്തപുരം: തലസ്ഥാനത്തെ പുരുഷന്മാർക്കും കുട്ടികൾക്കും ഇനി സെൻട്രൽ ജയിലിൽ പോയി 'സുന്ദരക്കുട്ടപ്പന്മാരായി' മടങ്ങാം. കൈമനം പോളിടെക്നിക് കോളേജിന്റെ പരിശീലനം നേടിയ സെൻട്രൽ ജയിലിലെ തടവുകാരുടെ ബ്യൂട്ടിപാർലർ 16ന് തുറക്കുകയാണ്. പൂജപ്പുര പരീക്ഷാഭവന് തൊട്ടടുത്താണ് ബ്യൂട്ടിപാർലർ. പഴയൊരു ജയിലർ ക്വാർട്ടേഴ്സ് നവീകരിച്ചാണ് എയർകണ്ടീഷൻ ചെയ്ത അത്യാധുനിക ബ്യൂട്ടിപാർലർ സജ്ജമാക്കിയത്. 10ലക്ഷം രൂപയാണ് ചെലവ്. കുറഞ്ഞ നിരക്കിൽ മുടിവെട്ട് മുതൽ ഫേഷ്യൽ വരെ ഇവിടെ സാദ്ധ്യമാവും. സോഷ്യൽ പൊലീസിംഗ്, ട്രാഫിക് അഡി.ഡി.ജി.പി ആർ. ശ്രീലേഖയാണ് ഉദ്ഘാടനം ചെയ്യുന്നത്. ബ്യൂട്ടിപാർലർ പദ്ധതിക്ക് ഫണ്ട് അനുവദിച്ചതും പദ്ധതി അംഗീകരിച്ചതുമെല്ലാം ശ്രീലേഖ ജയിൽ മേധാവിയായിരുന്നപ്പോഴാണ്.
പൂജപ്പുര സെൻട്രൽ ജയിലിലെ 13 തടവുകാർ രണ്ടുവർഷമായി കൈമനം പോളിടെക്നിക് കോളേജിലെ ഇൻസ്ട്രക്ടർമാരുടെ പരിശീലനത്തിലായിരുന്നു. ഇവരെല്ലാം പരിശീലനം പൂർത്തിയാക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് നേടി. ഇതിൽ നിന്ന് അഞ്ചുപേരെയാണ് ബ്യൂട്ടിപാർലറിലേക്ക് നിയോഗിക്കുക. പോളിടെക്നികിലെ പുതിയ ബാച്ചിൽ 10 തടവുകാർ പരിശീലനം തുടരുന്നുണ്ട്.
സർക്കാർ അംഗീകൃത ബ്യൂട്ടീഷൻ കോഴ്സ് വിജയിച്ചതിനാൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇവർക്കെല്ലാം സംരംഭകരാകാനും മികച്ച വരുമാനമുള്ള ജോലി ചെയ്ത് ജീവിക്കാനും അവസരമുണ്ടാകും.അത്യാധുനിക സൗകര്യങ്ങളുള്ള ബ്യൂട്ടി പാർലർ എല്ലാദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കും. മൂന്നുപേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക സൗകര്യമുണ്ട്. വിവിധതരം ഫേഷ്യൽ, മുടിവെട്ടൽ, ഷേവിംഗ്, ഹെന്ന, ഹെയർ കളറിംഗ്, ഹെയർ സ്പാ, ഫേഷ്യൽ, മസാജിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭിക്കും. നേരത്തേ കണ്ണൂർ സെൻട്രൽ ജയിലിലും ചീമേനി തുറന്ന ജയിലിലും തടവുകാരുടെ ബ്യൂട്ടിപാർലർ ആരംഭിച്ചിരുന്നു.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ തൊഴിലെടുത്തു ജീവിക്കുന്നതിന് വൈവിധ്യമാർന്ന തൊഴിൽ പരിശീലനങ്ങൾ തടവുകാർക്ക് നൽകുന്നുണ്ട്. തെറ്റുതിരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം.- എസ്.സന്തോഷ് ഡി.ഐ.ജി, ജയിൽ ആസ്ഥാനം