മുക്കം: കോഴിക്കോട് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ സഹപാഠികൾ. പെൺകുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്നും പ്ലസ് ടുകാരിയായ പെൺകുട്ടി യുവാവുമായി പുറത്ത് പോയിരുന്നുവെന്നും സഹപാഠികൾ ഒരു സ്വകാര്യ വാർത്താ ചാനലിനോടാണ് വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത ദിവസം ബാഗിൽ യൂണിഫോമല്ലാത്ത മറ്റൊരു വസ്ത്രവുമായാണ് പെൺകുട്ടി സ്‌കൂളിലേക്ക് എത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇനി ഈ യുവാവുമായൊരു ബന്ധത്തിനില്ലെന്ന് പെൺകുട്ടി പറഞ്ഞതായും പെൺകുട്ടിയെ യുവാവിന്റെ വീട്ടുകാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ ചാനലിനോട് വെളിപ്പെടുത്തി. മതം മാറി മുസ്ലിം മതം സ്വീകരിക്കാൻ ആലോചിക്കുന്നതായും ഈ കുട്ടി തന്റെ സഹപാഠികളോട് പറഞ്ഞിരുന്നു. പെൺകുട്ടിയെ യുവാവ് ഉപയോഗപ്പെടുത്തുന്നതായി തങ്ങൾക്ക് തോന്നിയിരുന്നുവെന്നും
പെൺകുട്ടിയുടെ കൂട്ടുകാരികൾ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്ലസ്ടു വിദ്യാർത്ഥിനിയെ മുക്കത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടി തന്റെ ഡയറിയായി ഉപയോഗിച്ചിരുന്ന പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട് .പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും ഒരു യുവാവിന്റെ പേരും എഴുതി വച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞിരുന്നു. ഇയാളെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പട്ടികജാതി ക്ഷേമസമിതിയും രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച ശേഷം തങ്ങൾ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതഹതയുണ്ടെന്നും കേസിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ചിലർ നോക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.