തിരുവനന്തപുരം: പ്രാദേശിക സി.പി.എം നേതാവുമായി ബന്ധമുള്ള മണൽലോറി വിട്ടുനൽകാത്തതിനെ തുടർന്ന് വട്ടിയൂർക്കാവ് എ.എസ്.ഐയ്ക്ക് സ്ഥാനചലനം. രണ്ട് മണൽലോറികളാണ് എ.എസ്.ഐ പിടിച്ചെടുത്തത്. മേലുദ്യോഗസ്ഥനായ കന്റോണ്മെന്റ് എ.സി സുനീഷ് ബാബു ലോറി വിട്ടുനൽകാൻ എ.എസ്.ഐ സോമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനാൽ ലോറികൾ വിട്ടുനൽകാൻ സാധിക്കില്ല എന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ നിലപാടെടുക്കുകയും ലോറി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു.
ഇക്കാര്യം എ.എസ്.ഐ സോമൻ തന്റെ മേലുദ്യോഗസ്ഥനെ അറിയിച്ചു. തുടർന്ന് തന്റെ നിർദേശം വന്നിട്ടും വാഹനം വിട്ടുനൽകാത്തതിൽ പ്രകോപിതനായി എ.സി സുനീഷ് ബാബു ബുധനാഴ്ചയോടെ എ.എസ്.ഐ സോമനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വൈകിട്ട് വരെ നിൽപ്പ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വ്യാഴാഴ്ചയോടെ എ.എസ്.ഐയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് സമാനമായ സാഹചര്യത്തിൽ, എസ്.എച്ച്.ഒ ആയിരുന്ന അശോക് കുമാർ സുനീഷ് ബാബുവിന്റെ നിർദേശപ്രകാരം പിടിച്ചെടുത്ത മറ്റൊരു മണൽലോറി വിട്ടുനൽകിയിരുന്നു. എന്നാൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എസ്.എച്ച്.ഒക്കെതിരെ നടപടി എടുക്കുകയാണുണ്ടായത്. വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്ന് എസ്.എച്ച്.ഒ അശോക് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേ രീതിയിൽ തങ്ങൾക്കെതിരെ വീണ്ടും നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് പൊലീസുകാർ പിടിച്ചെടുത്ത ലോറി വിട്ടുനൽകാത്തത് എന്നാണ് ലഭിക്കുന്ന വിവരം.