ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ പച്ചപുൽച്ചാടി എന്ന പാട്ടും അതിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച കൊച്ചുമിടുക്കനെയും മലയാളികൾ ഇന്നും മറന്നിട്ടില്ല. 12 വർഷങ്ങൾക്കിപ്പുറം ഉടലാഴം എന്ന ചിത്രത്തിലൂടെ നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് മണിയെന്ന മലയാളികളുടെ പ്രിയപ്പെട്ട പച്ചപുൽച്ചാടി. 'ഡോക്ടേഴ്‌സ് ഡൈലമ' നിർമിച്ച സിനിമയാണ് ഉടലാഴം. ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഭർത്താവ് ഡോ സജീഷ് ആണ് ഈ സിനിമയുടെ നിർമാതാക്കളിലൊരാൾ.

അഭിനയിക്കാൻ താൽപര്യമില്ലാത്ത മണിയെ അദ്ദേഹത്തിന്റെ ഭാര്യയുടെ സഹായത്തോടെയാണ് ചിത്രത്തിലെത്തിലേക്ക് കൊണ്ടുവന്നതെന്ന് കൗമുദി ടിവിയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സിത്താരയുടെ ഭർത്താവ്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലാതായതിന്റെ കാരണത്തെക്കുറിച്ച് മണി പറയുന്നത് ഇങ്ങനെ
'ഫോട്ടോഗ്രാഫർ കഴിഞ്ഞ് 12 വർഷത്തിന് ശേഷമാണ് ഉടലാഴം വരുന്നത്. കർണാടകയിൽ ഇഞ്ചികൃഷി ചെയ്യുന്ന സമയത്താണ് ഇവർ എന്നെ ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നെ ഇങ്ങനെ ഒരുപാട് ആൾക്കാർ മുമ്പ് വിളിച്ച് പറ്റിച്ചതിനാൽ സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യമൊക്കെ പോയിരുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് ഉടലാഴത്തിൽ അഭിനയിക്കണമെന്ന് പറഞ്ഞ് വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. തുടർന്നാണ് സിനിമയിലെത്തിയത്'-മണി പറഞ്ഞു.