kaumudy-news-headlines

1. സ്ത്രീകളുടെ സുരക്ഷയ്ക്കായി ആന്ധ്ര മോഡല്‍ നിയമഭേദഗതി പരിഗണനയില്‍ എന്ന് മന്ത്രി കെ.കെ ശൈലജ. ആവശ്യമെങ്കില്‍ ഭേദഗതി കേരളത്തിലും നടപ്പാക്കും. ആന്ധ്രയിലെ നിയമ ഭേദഗതികളെ കുറിച്ച് പഠിച്ച് വരികയാണ്. നിലവില്‍ കേരളത്തിലെ നിയമങ്ങള്‍ കടുത്തതാണ് എന്നും ഇത് നടപ്പാക്കുന്നതില്‍ നീതി പീഠങ്ങള്‍ക്ക് അടക്കം വീഴ്ച പറ്റുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.


2. കോഴിക്കോട് മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്ന യുവാവിനെ ആണ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൊബൈല്‍ പൊലീസ് വിശദമായി പരിശോധിക്കുക ആണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്ന് യുവാവും ആയി പെണ്‍കുട്ടി പുറത്ത് പോയിരുന്നു എന്ന് സഹപാഠികളും വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
3. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഇളവ് നല്‍കിയത്. ഷില്ലോങിലും കര്‍ഫ്യൂവില്‍ ഇളവ്. രാത്രി 10 മണി വരെയാണ് ഇളവ് നല്‍കിയത്. ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ആണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രൂക്ഷമായത്. ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.
4. അതേസമയം, ഇന്ത്യയിലെ ബംഗ്ലാദേശ് എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ധാക്കയിലെ ഇന്ത്യന്‍ ഹൈമ്മീഷ്ണര്‍ റിവ ഗാംഗുലി ദാസിനെ വിളിച്ച് വരുത്തിയാണ് ആവശ്യം അറിയിച്ചത്. അതിനിടെ,പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രാജ്യങ്ങള്‍. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും ആണ് മുന്നറിയിപ്പ് നല്‍കിയത്. അസം മേഖലയിലേക്ക് ഉള്ള യാത്രകള്‍ ഒഴിവാക്കണം എന്നാണ് മുന്നറിയിപ്പ്.
5. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക അറയിച്ച് അമേരിക്കയും. മത ന്യൂനപക്ഷ അവകാശം ഇന്ത്യ സംരക്ഷിക്കണം എന്ന് അമേരിക്ക. ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. ഇന്ത്യയില്‍ ഉണ്ടാകുന്ന നടപടികള്‍ നിരീക്ഷിക്കുക ആണെന്നും അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പൗരത്വ നിയമം വിവേചനപരം എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷനും പ്രതികരിച്ചു.
6 പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭം അസമില്‍ കൂടുതല്‍ ശക്തമാകുന്നതിനിടെ ബി.ജെ.പി - എ.ജി.പി സഖ്യ സര്‍ക്കാറിലും ഭിന്നത. പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ വികാരം മനസിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് നേതാക്കളുടെ വിമര്‍ശനം.പൗരത്വ നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ ജഗ്ദീഷ് ഭുയാന്‍ രാജിവെച്ചു. നിയമം അസം ജനതക്ക് എതിരായതിനാല്‍ ആണ് താന്‍ രാജി പ്രഖ്യാപിച്ചത്. പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ താന്‍ ഉണ്ടാവുമെന്നും പ്രതികരണം.
7. നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് പ്രമുഖ അസമീസ് നടന്‍ ജാതിന്‍ ബോറ അസം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് ഡെവലംപ്മന്റെ് കോര്‍പ്പറേഷന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. മുന്‍ നിയമസഭ സ്പീക്കര്‍ പുലകേശ് ബറുഹ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ബി.ജെ.പി എം.എല്‍.എയായ പദ്മ ഹസാരികയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മപുത്രയുടെ താഴ്വരയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ പുനരാലോചന വേണമെന്ന് നിയമസഭാ സ്പീക്കര്‍ ഹിദേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.
8. ടോള്‍ പിരിവിന് ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധം ആക്കാനിരിക്കെ കൊച്ചിയിലും ആശയക്കുഴപ്പം തുടരുന്നു. വളരെ കുറച്ച് വാഹനങ്ങളാണ് ഇപ്പോഴും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ട് ഉള്ളത്. എറണാകുളം ജില്ലയിലെ പൊന്നാരി മംഗലം, കുന്നപളം ടോള്‍ പ്ലാസകളില്‍ 30 ശതമാനത്തില്‍ താഴെ വാഹനങ്ങള്‍ ആണ് ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നു പോകുന്നത്. മറ്റ് ട്രാക്കുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഫാസ്ടാഗ് ട്രാക്കുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നതിലെ ആശയക്കുഴപ്പവും പരിചയക്കുറവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ടോള്‍ പ്ലാസകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഉള്ള പ്രതിമാസ പാസുകളുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. ഇതുവരെ സൗജന്യ പാസ് ലഭിച്ച് ഇരുന്നവര്‍ പ്രതിമാസം 265 രൂപ നല്‍കി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാന്‍ വിമുഖത കാണിക്കുന്നതും വെല്ലുവിളിയാണ്.
9. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സി.പി.എം പരസ്യമായി കുറ്റപ്പെടുത്തി. രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സി.പി.ഐക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയെന്നും സി.പി.എം ചോദിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ കാനം വിമര്‍ശനം ഉന്നയിച്ച് ഇരുന്നു.