beacon-light

മുംബയ്: മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യാശ്രമം. 23 വയസുകാരിയായ യുവതിയാണ് വെള്ളിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ സെക്രട്ടേറിയറ്റ് കെട്ടിടമായ 'മന്ത്രാലയ'യുടെ അഞ്ചാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ കെട്ടിടത്തിലുള്ള സേഫ്റ്റി നെറ്റിൽ പതിച്ചതിനാൽ അധികം പരിക്കുകൾ ഏൽക്കാതെ യുവതി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഇപ്പോൾ ഫോർട്ടിലുള്ള സെന്റ് ജോർജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ഇടത് തോളിലും തലയുടെ ഇടതുവശത്തും പരിക്കുകളുണ്ട്.

മുംബയ് ലോക്കൽ പൊലീസിന്റെ പീഡനം താങ്ങാനാകാതെയാണ് യുവതി ഈ സാഹസത്തിന് മുതിർന്നതെന്ന് യുവതിയുടെ സഹോദരൻ പറയുന്നു. ഏറെ നാളുകളായി പൊലീസുകാർ തന്റെ സഹോദരിയെയും ഭർത്താവിനെയും ഉപദ്രവിക്കുകയാണെന്നും ഇയാൾ പറഞ്ഞു. ഉല്ലാസ്‌നഗർ സ്വദേശിയായ യുവതി തന്റെ ഭർത്താവിനൊപ്പം അവിടെ ഒരു ജ്യൂസ് കട നടത്തി വരികയായിരിക്കുന്നു. എന്നാൽ ഇവരുടെ സുഹൃത്തായിരുന്ന ഒരാൾ പൊലീസിനൊപ്പം ചേർന്ന് ഇവരെ ഉപദ്രവിക്കാൻ ആരംഭിച്ചു.

ഇതുകൂടാതെ ഇയാൾക്കൊപ്പം ചേർന്ന് ഇവരെ കള്ളക്കേസിൽ കുടുക്കാനും പൊലീസ് ശ്രമിച്ചിരുന്നു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കേസ്. ഇതിനെതിരെ മന്ത്രിമാരോടും മറ്റും പരാതി പറയാനായി ഇവർ 'മന്ത്രാലയ'യിൽ എത്തിയിരുന്നു എങ്കിലും തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ അധികൃതർ കടത്തി വിട്ടിരുന്നില്ല. കെട്ടിടത്തിൽ നിന്നും ചാടും മുൻപ് 'എനിക്ക് മരിക്കണം, എന്റെ ഭർത്താവിനെ രക്ഷിക്കണം' എന്ന് യുവതി വിളിച്ചു പറഞ്ഞിരുന്നതായി സെക്രട്ടറിയറ്റിലെ ഒരു ജീവനക്കാരൻ പറയുന്നു.