വിവാദങ്ങൾക്കിടയിൽ ഷെയ്ൻ നിഗം നായകനാകുന്ന 'വലിയപെരുന്നാൾ' എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. നവാഗതനായ ഡിമൽ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ,അതുൽ കുൽക്കർണി,സൗബിൻ ഷാഹിർ,ജോജു ജോർജ്,അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ ഡാൻസറായാണ് ഷെയ്ൻ എത്തുന്നത്.
ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെയൊപ്പം ഒരു പണിക്കും ഇറങ്ങരുത് എന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാണെന്ന ഷെയിന്റെ മാസ് ഡയലോഗാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. 1 മിനിട്ട് 50 സെക്കന്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ക്യാപ്‌റ്റൻ രാജു അവസാനമായി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും വലിയ പെരുന്നാളിന് ഉണ്ട്.
അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് റെക്സ് വിജയൻ ആണ്. വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഹിമികയാണ് ഷെയിന്റെ നായികയായി എത്തുന്നത്.