rahul-gandhi

ന്യൂഡൽഹി: തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും 'രാഹുൽ സവർക്കർ' എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നും രാഹുൽ ഗാന്ധി. രാജ്യത്ത് വർദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന് അദ്ദേഹം മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന 'ഭാരത് ബച്ചാവോ(ഭാരതത്തെ രക്ഷിക്കൂ)' റാലിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

കേന്ദ്ര സർക്കാരിന്റെ 'വിഘടനവാദപരവും ആപത്കരവുമായ' നയങ്ങളോടുള്ള പ്രതികരണമായാണ് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. താനല്ല, രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ 'അസിസ്റ്റന്റ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് മാപ്പ് പറയേണ്ടതെന്നും രാഹുൽ പറഞ്ഞു.

'രാജ്യത്തിന്റെ ജി.ഡി.പി ഇപ്പോൾ നാല് ശതമാനം മാത്രമാണ്. അത് ജി.ഡി.പി കണക്കാക്കുന്നതിനുള്ള ബി.ജെ.പിയുടെ പുതിയ രീതി പ്രകാരമാണ്. സാമ്പ്രദായിക രീതി അനുസരിച്ചാണെങ്കിൽ ഇപ്പോൾ 2.5 ശതമാനമാണ് ജി.ഡി.പിയുടെ യഥാർത്ഥ നില - രാഹുൽ പറഞ്ഞു. അധികാരത്തിൽ തുടരാൻ മോദി എന്തും ചെയ്യുമെന്നും കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കത്തുകയാണെന്നും രാഹുൽകൂട്ടിചേർത്തു.

റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുംമൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി വദ്ര, പി. ചിദംബരം, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.