shivasena

ന്യൂഡൽഹി: തന്റെ പേര് 'രാഹുൽ സവർക്കർ' എന്നല്ലെന്നും 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന് താൻ മാപ്പ് പറയില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് പ്രതികരണവുമായി ബി.ജെ.പി രംഗത്ത്. വിനായക് ദാമോദർ സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോൺഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നാണ് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പ്രതികരിച്ചിരിക്കുന്നത്. 'മാപ്പ് പറഞ്ഞ ഭീരു' എന്ന മട്ടിലാണ് രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് പരാമർശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റർ വഴിയാണ് മാളവ്യ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ചിരിക്കുന്നത്.

Looking forward to seeing Shiv Sena defend Rahul Gandhi for his statement implying that ‘Veer Savarkar was a coward who apologized’!

— Amit Malviya (@amitmalviya) December 14, 2019

ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന 'ഭാരത് ബച്ചാവോ(ഭാരതത്തെ രക്ഷിക്കൂ)' റാലിയിൽ ജനങ്ങളോട് സംസാരിക്കവേയായിരുന്നു രാഹുൽ ഗാന്ധി തന്റെ 'സവർക്കർ' പരാമർശം നടത്തിയത്. തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും 'രാഹുൽ സവർക്കർ' എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യത്ത് വർദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന് അദ്ദേഹം മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ 'വിഘടനവാദപരവും ആപത്കരവുമായ' നയങ്ങളോടുള്ള പ്രതികരണമായാണ് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്.

താനല്ല, രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ 'അസിസ്റ്റന്റ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് മാപ്പ് പറയേണ്ടതെന്നും രാഹുൽ ഡൽഹിയിലെ റാലിക്കിടെ പറഞ്ഞിരുന്നു. അധികാരത്തിൽ തുടരാൻ മോദി എന്തും ചെയ്യുമെന്നും കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കത്തുകയാണെന്നും രാഹുൽ പറഞ്ഞു. റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി വദ്ര, പി. ചിദംബരം, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്നത് കോൺഗ്രസ്, എൻ.സി.പി ശിവസേന സഖ്യമാണ്.