sabarimala

ന്യൂഡൽഹി: ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ നിർദേശത്തോട് വിയോജിച്ച് സുപ്രീംകോടതി എംപവേർഡ് കമ്മിറ്റി. പ്രതിദിനം ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം മാസ്റ്റർ പ്ലാൻ പ്രകാരം 36000ആയി കുറച്ചിരുന്നു.

എന്നാൽ വൈകീട്ടെത്തുന്ന തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്താൻ സന്നിധാനത്ത് തങ്ങേണ്ടിവരുമെന്നും, അതിനാൽ ഭക്തരുടെ എണ്ണം നിയന്ത്രിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നു. മാസ്റ്റർ പ്ലാൻ പുതുക്കി തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കണമെന്ന് കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എംപവേർഡ് കമ്മിറ്റിയോട് നിർദേശിച്ചിരുന്നു.

റിപ്പോർട്ട് തയ്യാറാക്കാൻ ഡൽഹിയിൽ ചേർന്ന കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സിലാണ് പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് എംപവേർഡ് കമ്മിറ്റി രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന എല്ലാ തീർത്ഥാടകരും നെയ്യഭിഷേകം നടത്താറില്ലെന്ന് എംപവേര്‍ഡ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി അമര്‍നാഥ് ഷെട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 36,​000 ആണെന്നുള്ള കണക്ക് എംപവേർഡ് കമ്മിറ്റിക്ക് തങ്ങൾ നൽകിയിട്ടില്ലെന്നും,​ പ്രതിദിനം ഒരുലക്ഷം ആളുകൾ വരെ ദർശനത്തിനെത്താറുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഈ വിഷയത്തിൽ കമ്മിറ്റി ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.