motorola

മടക്കാനാകുന്ന സ്‌ക്രീനുമായി വീണ്ടുമൊരു ഫോൺ കൂടി ടെക്ക് പ്രേമികളുടെ കൈയിലേക്ക് എത്തുകയാണ്. പഴയ ഫോൾഡിംഗ് കീപാഡ് ഫോണായ മോട്ടോ റേസർ ആണ് ഫോൾഡബിൾ ടച്ച് സ്‌ക്രീനുമായി എത്തുന്നത്. സാംസംഗ്‌ ഗ്യാലക്‌സി ഫോൾഡ്, വാവെ മേറ്റ് എക്സ് എന്നീ ഫോണുകൾക്ക് ശേഷമാണു വീണ്ടും മറ്റൊരു ഫോൾഡിംഗ് ഫോൺ കൂടി വിപണി കൈയടക്കാൻ രംഗത്തിറങ്ങുന്നത്. അടുത്ത വർഷം ജനുവരിയിൽ അമേരിക്കൻ മൊബൈൽ കടകളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ ഫോൺ അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും എത്തും എന്ന സൂചനയാണ് മോട്ടോറോളയും, സ്ഥാപനത്തിന്റെ ഉടമകളായ ലെനോവോയും നൽകുന്നത്. ഒരു ട്വീറ്റ് വഴിയാണ് മോട്ടോറോള ഇന്ത്യ, ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫോൺ ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നും അത് കൈവശമാക്കാൻ രജിസ്റ്റർ ചെയ്യണമെന്നുമാണ് ട്വീറ്റിൽ കാണുന്നത്. എന്നാൽ ഫോൺ എപ്പോഴാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുക എന്ന കാര്യത്തിൽ കമ്പനി യാതൊന്നും പറയുന്നില്ല. കഴിഞ്ഞ മാസമാണ് മോട്ടോറോള ഫോണിന്റെ ലോഞ്ച് നടത്തിയത്. എന്നാൽ ഉപഭോക്താക്കളുടെ ആശങ്ക മറ്റൊന്നാണ്. ഇറങ്ങി അൽപ്പസമയം കഴിഞ്ഞപ്പോൾ തന്നെ ഫോൾഡിംഗ്ഫോണായ സാംസംഗ്‌ ഗ്യാലക്‌സിയെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഫോണിൽ മടക്കുകൾ വീഴുന്നുവെന്നും അധിക കാലം അത് ഈടുനിൽക്കുന്നില്ലെന്നും ഏറെ ലോലമാണ് ഫോണെന്നും മറ്റുമായിരുന്നു പരാതികൾ.

ഗ്യാലക്‌സി ഫോൾഡിന് ശേഷം ഇറങ്ങിയ വാവെ മേറ്റ് എക്സ് ഈ പരാതികൾ ഒരു പരിധി വരെയെങ്കിലും പരിഹരിച്ചുവെന്നാലും ഉപഭോക്താക്കൾക്ക് പൂർണമായും ഫോൾഡിംഗ് ഫോണുകളെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ ആശങ്കകൾ അകറ്റാൻ മോട്ടോ റേസറിന് കഴിയുമോ എന്ന് കണ്ടറിയുക തന്നെ വേണം. 1,06,000 രൂപയാണ് പുതിയ മോട്ടോ റേസറിന്ന് ഇന്ത്യയിൽ കമ്പനി വിലയിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഗ്യാലക്‌സി ഫോൾഡിന് 1,40, 000 രൂപയും വാവെ മേറ്റ് എക്സിന് ഏകദേശം 1,85, 000 രൂപയുമാണ് വില.