ഏശാതെപോയ ആരോപണങ്ങളുടെ ദുർബലമായ ആവർത്തനമെന്ന് വിശേഷിപ്പിക്കാം, യു.ഡി. എഫിന്റെ ധവളപത്രത്തെ. ധവളപത്രത്തിലെ വാദങ്ങളെല്ലാം പലതവണ നിയമസഭയിൽ അവർ ഉന്നയിച്ചതും വിശദമായ മറുപടി പറഞ്ഞതുമാണ്. വാർത്താപ്രാധാന്യമെന്ന ലക്ഷ്യത്തോടെ അതെല്ലാം കൂട്ടിക്കെട്ടി ധവളപത്രമെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചെന്നേയുള്ളൂ. അതുകൊണ്ടുതന്നെ ആരോപണങ്ങൾക്കുള്ള മറുപടിയും പഴയതു തന്നെ.
കേരളത്തിൽ വികസനസ്തംഭനമെന്നാണ് ധവളപത്രത്തിലെ പ്രധാന ആരോപണം. ഇതു കേൾക്കുന്നവർക്ക് കണ്ണുണ്ടല്ലോ. അവ തുറന്നു ചുറ്റും നോക്കിയാൽ തീരുന്ന ആയുസല്ലേ ഈ ആരോപണത്തിനുള്ളൂ. സ്കൂളുകളും ആശുപത്രികളും റോഡുകളും പാലങ്ങളും ആധുനികനിലവാരത്തിൽ അതിവേഗം ഉയരുകയാണ്. ജനങ്ങളാകെ ഈ വികസന പ്രവർത്തനങ്ങളുടെ ഗുണഫലവും അനുഭവിക്കുന്നുണ്ട്. അവരുടെ മുഖത്തു നോക്കി വികസനസ്തംഭനം എന്നൊക്കെ ആരോപണമുന്നയിക്കാൻ നമ്മുടെ പ്രതിപക്ഷ നേതാവിനേ കഴിയൂ.
അപകടകരമായ ധനസൂചിക എന്നു പറഞ്ഞു നല്കിയിരിക്കുന്ന കണക്കുകൾ നേർവിപരീതമാണ് കാണിക്കുന്നത് . 2016 - 17 നും 2018- 19 നും ഇടയിൽ റവന്യൂക്കമ്മി 2.51 ശതമാനത്തിൽ നിന്നു 1.68 ശതമാനമായി കുറഞ്ഞു. ധനക്കമ്മി 4.29 ശതമാനത്തിൽ നിന്നു 3.06 ശതമാനമായി കുറഞ്ഞു. ഇക്കാലയളവിൽ കടബാധ്യതയുടെ അനുപാതം 30 ശതമാനത്തിൽ തന്നെ തുടർന്നു . രൂക്ഷമായ ധനഞെരുക്കമുണ്ടെന്നത് വസ്തുതയാണ്. ഇക്കാര്യം ജനങ്ങളിൽ നിന്ന് മറച്ചുവച്ചിട്ടുമില്ല. ആ ഞെരുക്കത്തിന്റെ കാരണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ ചെലവിന്റെ കാര്യത്തിൽ ഈ ഞെരുക്കം പ്രതിഫലിക്കുന്നുണ്ടോ? ഇല്ലെന്നതാണ് വസ്തുത. ഈ സർക്കാരിന്റെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് ഏതാണ്ട് 16 ശതമാനം വീതമാണ് വളർന്നത്. യു.ഡി.എഫ് ഭരണകാലത്തെ വളർച്ചയെക്കാൾ കൂടുതലാണിത്. ധനപ്രതിസന്ധി ഏറ്റവരും രൂക്ഷമായ നടപ്പ് വർഷത്തിൽ പോലും സെപ്തംബർ വരെ മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധന ചെലവിൽ ഉണ്ടായിട്ടുണ്ട് . പദ്ധതി ചെലവും യു.ഡി.എഫ് കാലത്തെ അപേക്ഷിച്ച് മെച്ചമാണ്. പിന്നെ എവിടെയാണ് വികസന സ്തംഭനം ? ഉന്നയിച്ചവർക്കു പോലും സാധൂകരിക്കാൻ കഴിയാത്ത ആരോപണത്തിനൊക്കെ എന്തു മറുപടിയാണ് നൽകുക ? ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള അന്യാദൃശ്യമായ മൂലധന മുതൽമുടക്ക്. 45000 കോടി രൂപയുടെ പദ്ധതികൾ നിർവഹണത്തിന്റെ പല ഘട്ടങ്ങളിലാണ്. മൂലധന നിക്ഷേപത്തിൽ ഇതുപോലൊരു കുതിപ്പ് മുമ്പൊരു കാലത്തും കേരളത്തിലുണ്ടായിട്ടില്ല.
ഉമ്മൻചാണ്ടി സർക്കാരും അതിനു മുൻപുള്ള വി.എസ് സർക്കാരും, എ. കെ . ആന്റണി സർക്കാരും ചേർന്ന് കഴിഞ്ഞ 15 വർഷങ്ങളിൽ മൊത്തം ബഡ്ജറ്റിൽ നിന്നുള്ള മൂലധന മുടക്ക് ആകെ 40000 കോടിയേ വരൂ. ഈ സർക്കാരിന്റെ കാലത്ത് ധവളപത്ര പ്രകാരം തന്നെ ബഡ്ജറ്റിൽ നിന്നുള്ള ഇതുവരെയുള്ള മൂലധന ചെലവ് 35000 കോടി വരും, ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള 45000 കോടി. നികുതി പിരിവിന്റെ പാളിച്ചകളെക്കുറിച്ച് സാമാന്യം ദീർഘമായി ധവളപത്രത്തിൽ പറഞ്ഞിട്ടുണ്ട് . ഇതിലെ നല്ല പങ്കും നികുതി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ളതാണ്. ധവളപത്രക്കാർക്ക് അതിൽ സംഭാവനയില്ലെന്ന് പറഞ്ഞുകൂടാ. ആവുമ്പോലെ ഊതിപെരുപ്പിച്ചിട്ടുണ്ട്. ആദ്യം അംഗീകരിക്കേണ്ട കാര്യം യു.ഡി.എഫിന്റെ അവസാന മൂന്നു വർഷങ്ങളിൽ ഇതേ നികുതി വർദ്ധനവേ ഉണ്ടായിട്ടുള്ളൂ എന്നതാണ് . ഈ വരുമാന തകർച്ചയിൽ നിന്നു കേരളത്തെ രക്ഷപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന വിമർശനം ന്യായമാണ്. ഇതിന്റെ അടിസ്ഥാന കാരണം ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യമാണ് . മറ്റ് സംസ്ഥാനങ്ങളിൽ മാത്രമല്ല കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും താഴേക്കാണ് . രണ്ടാമത്തെ കാരണം ജി. എസ്. ടി നികുതി ചോർച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനമൊരുക്കാൻ ഇനിയും കേന്ദ്രസർക്കാരിന് കഴിയാത്തതാണ്. വാർഷിക റിട്ടേണുകൾ നൽകാനുള്ള തീയതി അനന്തമായി നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ് . ഇതുമൂലം ഈ വർഷവും ജി. എസ് .ടി കോംപൻസേഷൻ പരിധിക്ക് മുകളിലേക്കു പോകാൻ നമുക്കാവില്ല. അങ്ങനെയൊരു സാഹചര്യം വന്നിട്ട് വാറ്റ് കുടിശിക പിരിക്കാമെന്നാണ് തീരുമാനം. അല്ലാത്തപക്ഷം കുടിശിക പിരിച്ചതെല്ലാം കോംപൻസെഷനിൽ തട്ടിക്കിഴിച്ചു പോകും . അതുകൊണ്ട് 30 ശതമാനം വർദ്ധന എന്നത് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഡിസംബർ മാസത്തിൽ വാർഷിക റിട്ടേണുകൾ ആദ്യമായി കിട്ടുമെന്നാണ് കരുതുന്നത്. ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ 6500 കോടി രൂപ വായ്പ വെട്ടിക്കുറച്ചതാണ്. യു.ഡി.എഫ് കാലത്തും പബ്ലിക്ക് അക്കൗണ്ടിൽ നിന്നുള്ള നിക്ഷേപം വർദ്ധിച്ചിട്ടുണ്ട് . അന്നൊന്നും വായ്പ്പ വെട്ടിക്കുറച്ചിട്ടില്ല. എന്നാൽ ഇന്ന് ഏതാണ്ട് പ്രതികാരബുദ്ധിയോടു കൂടിയാണ് പ്രളയത്തിൽ തകർന്ന കേരളത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത് . കേന്ദ്രനികുതി വിഹിതത്തിൽ 5600 കോടി രൂപയാണ് ബഡ്ജറ്റിൽ പറഞ്ഞതിനേക്കാൾ കുറയുന്നത്. ഇതിന് പുറമേയാണ് ഡിസംബർ മാസത്തിലേതടക്കം 3200 കോടി രൂപ നഷ്ടപരിഹാരം വച്ച് താമസിപ്പിക്കുന്നത്. ഇത്ര ഭീമായ കേന്ദ്രസഹായ ഇടിവിനെ താങ്ങി നിറുത്താൻ ഏതെങ്കിലും സംസ്ഥാന സർക്കാരിന് കഴിയുമോ ? നമ്മുടെ തനതു വരുമാനത്തിലും മാന്ദ്യം മൂലം 5000 കോടിയിൽപ്പരം രൂപ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. അടുത്തത് കിഫ്ബിയെക്കുറിച്ചുള്ള പതിവ് വിമർശനങ്ങളാണ് . ഇതുതന്നെയാണ് കേരളത്തിലെ ജനങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്. നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയുള്ള സമാനതകളില്ലാത്ത ഈ പാക്കേജ് സ്വപ്നം കാണാൻ പോലും യു.ഡി.എഫിനാവില്ല . അതുകൊണ്ട് കേരളത്തിലെമ്പാടും നടക്കുന്ന കിഫ്ബിയിലൂടെയുള്ള പദ്ധതികൾ പൂർത്തീകരിക്കണമെങ്കിൽ ഇടതുപക്ഷത്തിന് തുടർഭരണം നൽകണം.