കൊച്ചി∙ ദേശീയ പാതകളിലെ ടോൾ പിരിവിന് ഫാസ്ടാഗുകൾ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ദേശീയ പാത അതോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. 75 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറ്റിയിട്ടില്ല. നാളെയായിരുന്നു ഫാസ്ടാഗ് നിലവിൽ വരേണ്ടിയിരുന്നത്. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്താണ് നീട്ടിയത്. ഫാസ്ടാഗ് നടപടികൾ ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി.
ദേശീയപാതകളിലോ അതിവേഗപാതകളിലോ വാഹനങ്ങളിൽ സഞ്ചരിക്കണമെങ്കിൽ നൽകുന്ന ടോൾ ചാർജ് പണമായി നൽകാതെ ഡിജിറ്റലായി നൽകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പോലെ ഒരുവശത്ത് കാർഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വൻസി ബാർ കോഡും ഉണ്ടാകും. ഫാസ്ടാഗ് കാർഡ് വാഹനത്തിന്റെ മുൻഗ്ളാസിൽ, വാനിറ്റി മിററിനു മുന്നിലായി പുറത്തുനിന്ന് കാണാവുന്ന വിധം ഒട്ടിക്കണം. വാഹനം ടോൾ ബൂത്തിൽ എത്തുമ്പോൾ ഇൗ കാർഡ് ഓട്ടോമാറ്റിക് ആയി സ്കാൻ ചെയ്യപ്പെട്ട് ടോൾ ചാർജ് ഈടാക്കും. ഒന്നിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം ഫാസ്ടാഗ് വേണം.